
കൃത്യമായ രാഷ്ട്രീയ നിലപാട് സൂക്ഷിക്കുമ്പോഴും പരസ്യമായ രാഷ്ട്രീയ നിലപാടുകളോ സാമൂഹ്യ വിമർശനങ്ങളോ എം ടി ആ നിലയിൽ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ശക്തമായി പെരിങ്ങോം ആണവ നിലയത്തിനെതിരെ 1990കളിൽ എം ടി സ്വീകരിച്ച തീക്ഷണമായ നിലപാട് മറക്കാനാവില്ല. പിന്നീട് മുത്തങ്ങയിലെ നടപടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ജോഗി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടപ്പോഴും എം ടി പൊട്ടിത്തെറിച്ചിരുന്നു. അതിന് ശേഷം എംടിയിൽ നിന്ന് അതിശക്തമായ പ്രതികരണം വന്നത് നോട്ടുനിരോധന സമയത്തായിരുന്നു. ഏറ്റവും ഒടുവിൽ എം ടി നടത്തിയ പ്രതികരണമാകട്ടെ അതിരൂക്ഷമായിരുന്നു. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാമെന്ന് എം ടി പറഞ്ഞപ്പോൾ അത് പിണറായി സർക്കാരിൻ്റെ തുടർഭരണത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു എന്നായിരുന്നു പൊതുവെ ഉയർന്ന വിലയിരുത്തൽ. എന്നാൽ നരേന്ദ്ര മോദിക്കെതിരെയായിരുന്നു എംടിയുടെ വിമർശനം എന്ന് പറഞ്ഞായിരുന്നു ഇടതുപക്ഷം ഇതിന് പ്രതിരോധം തീർത്തത്.
1990 ൽ കോഴിക്കോട്ടു നടന്ന ആണവനിലയ വിരുദ്ധ റാലിയിലെ മുഖ്യാതിഥിയായിരുന്നു എം ടി. 2003-ൽ അൻ്റണി സർക്കാരിൻ്റെ കാലത്താണ് മുത്തങ്ങയിൽ പൊലീസ് വെടിവയ്പിൽ ജോഗി കൊല്ലപ്പെടുന്നത്. അന്ന് പ്രതിഷേധിച്ചവരുടെ മുൻനിരയിൽ എംടിയുണ്ടായിരുന്നു. ‘മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണു പ്രധാനം. ചരിത്രം തിരുത്താൻ നാം തയാറാവണം. ഗോത്രവർഗക്കാരുടെ ഭൂമി തിരിച്ചുകൊടുക്കണം. സർക്കാർ അത് ചെയ്തേ ഒക്കൂ’ എന്നായിരുന്നു അന്ന് താമരശ്ശേരിയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് എംടി പറഞ്ഞത്. ഈ രണ്ട് വിഷയങ്ങളിലും എം ടി സ്വീകരിച്ച നിലപാടുകൾ അതേ ആഴത്തിൽ കേരളീയ പൊതുസമൂഹം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് നോട്ടുനിരോധനത്തിൻ്റെ കാലത്തായിരുന്നു എംടിയിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാകുന്നത്. നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എം ടി പറഞ്ഞപ്പോൾ അത് നോട്ടുനിരോധനത്തിനെതിരായ അക്കാലത്തെ ഏറ്റവും രൂക്ഷമായ വിമർശനമായി മാറി. എംടിയുടെ നിലപാടിനെതിരെ ബിജെപി നേതാക്കളും രൂക്ഷപ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു. മോദിയെ വിമർശിക്കാൻ എംടി ആരാണെന്നായിരുന്നു എൻ രാധാകൃഷ്ണൻ്റെ പ്രതികരണം. എംടി വിമർശനത്തിന് അതീതനല്ലെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.











