ജഡ്ജിയേയും വിധിയേയും അംഗീകരിക്കുന്നില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.
കൊച്ചി : നടന്‍ ദിലീപ് പ്രതിയായ കേസിലെ അതിജീവിത തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് നടന്‍ സിദ്ദിഖ്.
നടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന കേസ് തൃക്കാക്കര തിരഞ്ഞെടുപ്പില്‍ വിഷമായതിനെ പരാമര്‍ശിക്കവെയാണ് കേസിലെ അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് സിദ്ദിഖ് ചോദിച്ചത്.
ജഡ്ജിയെ വിശ്വാസമില്ലെങ്കിലും വിധി എതിരാണെങ്കിലും മേല്‍ക്കോടതിയെ സമീപിക്കുകയാണ് താനാണെങ്കില്‍ ചെയ്യുകയെന്നും സിദ്ദിഖ് പറഞ്ഞു.
എല്ലാവരും വോട്ടു ചെയ്യണമെന്നും വികസനത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ ഊന്നല്‍ നല്‍കിയതെന്നും തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ സിദ്ദിഖ് പറഞ്ഞു തൃക്കാക്കര ഇനി എവിടെ വികസിക്കാനാണെന്നും വികസിച്ച് വികസിച്ച് തങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണെന്നും സിദ്ധിഖ് പറഞ്ഞു.
സമാധാനത്തോടെ ശ്വാസം വിട്ടു ജീവിക്കുന്നതിനുള്ള വികസനമാണ് ഇവിടെ വേണ്ടത്. വിദേശ രാജ്യങ്ങളിലെല്ലാം ഇതാണ് നടപ്പാക്കുന്നത്. സില്‍വര്‍ ലൈനിന്റെ ആവശ്യമെന്താണെന്ന് ഇതുവരെ തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.
ദിലിപുമായി അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്ന സിദ്ദിഖ് കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലിപിന് അനുകൂലമായാണ് നിലപാട് എടുത്തിട്ടുള്ളത്.