തിരുവനന്തപുരം : അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ രാജേന്ദ്ര അർളേക്കർ അഭിപ്രായപ്പെട്ടു. ഗവർണറുടെ ഭരണാധികാരങ്ങളെക്കാൾ അതിനാണ് കൂടുതൽ പ്രാധാന്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
“അക്കാലത്ത് രാജ്യത്ത് എന്തൊക്കെ സംഭവിച്ചതാണ് എത്രത്തോളം ഭീകരമായിരുന്നുവെന്ന് പുതുതലമുറയ്ക്ക് അറിയേണ്ടത് അനിവാര്യമാണ്. അതിക്രമങ്ങൾ നടത്തിയത് ആര്? ജനാധിപത്യത്തെ ചവിട്ടിമെതിച്ചത് ആര്? എന്നതെല്ലാം കുട്ടികൾക്ക് മനസ്സിലാകണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പായി അതിനെ കാണേണ്ടതുണ്ട്,” ഗവർണർ പറഞ്ഞു.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കി രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കാനും സംരക്ഷിക്കപ്പെടാനും ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രത അത്യാവശ്യമാണ്. 21 മാസത്തെ അടിയന്തരാവസ്ഥ പൗരസ്വാതന്ത്ര്യങ്ങൾ അടിച്ചമർത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുകയും ചെയ്ത ഒരു കറുത്ത അധ്യായമായിരുന്നു. എന്നാൽ, ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൊണ്ടാണ് ആ അവസ്ഥ അവസാനിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്നും അത് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും ആന്ധ്രപ്രദേശ് ഗവർണർ ജസ്റ്റിസ് (റിട്ട.) സയ്യിദ് അബ്ദുൽ നസീർ പ്രസ്താവിച്ചു.

ചടങ്ങിന് മുൻ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ അബ്ദുൽ സലാം, മുൻ ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ, കെ. രാമൻ പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.