ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുന്ന പുതിയ യാത്രാ സംവിധാനം നിലവിൽ വന്നു-‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’. ഈ നൂതന പാസ്‌പോർട്ട് നിയന്ത്രണ സംവിധാനം തിരഞ്ഞെടുത്ത യാത്രക്കാർക്ക് കാത്തുനിൽപ്പില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്(ജിഡിആർഎഫ്എ) സംഘടിപ്പിച്ചുവരുന്ന എഐ കോൺഫറൻസിൽ ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് പ്രഖ്യാപനം നടത്തിയത്.ആദ്യഘട്ടത്തിൽ ടെർമിനൽ 3 ലെ ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് ഈ സംവിധാനം പ്രവർത്തിക്കുക. അത്യാധുനിക നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയുകയും വ്യക്തിഗത വിവരങ്ങൾ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു നൂതന സംയോജിത സംവിധാനമാണ് ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’. യാത്രക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും യാത്രാ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനുമുള്ള ഡയറക്‌ടറേറ്റിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച സേവനം സ്മാർട്ട് മൊബിലിറ്റി രംഗത്ത് ഒരു സുപ്രധാന മുന്നേറ്റമാണെന്ന് അധികൃതർ പറഞ്ഞു. ഇത് സ്മാർട്ട് സിസ്റ്റങ്ങളിലുള്ള യാത്രക്കാരുടെ വിശ്വാസം വർധിപ്പിക്കുകയും ഒരേ സമയം പത്ത് പേർക്ക് വരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യും. ഇതിലൂടെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർധിക്കുന്നതിനോടൊപ്പം യാത്രാ ഗേറ്റുകളിലൂടെയുള്ള കടന്നുപോക്ക് കൂടുതൽ വേഗത്തിലാക്കാനും സാധിക്കും. കഴിഞ്ഞ ദിവസം ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റുകളുടെ പ്രവർത്തനശേഷി പത്തിരട്ടിയായി വർധിപ്പിച്ച വിവരം വെളിപ്പെടുത്തിയിരുന്നു.
2020ൽ ആരംഭിച്ച സ്മാർട് ടണൽ സംരംഭത്തിൽ നിന്നുള്ള വിവരങ്ങളാണ് ഈ പുതിയ സേവനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. അഞ്ച് വർഷം മുൻപത്തെ സ്മാർട്ട് ടണലിൽ നിന്ന് ലഭിച്ച അനുഭവത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യക്തികളെ കൂടുതൽ കൃത്യതയോടെ തിരിച്ചറിയാനും നടപടിക്രമങ്ങളുടെ സമയം ഗണ്യമായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഇതിലൂടെ പത്ത് ആളുകൾക്ക് അവരുടെ ഊഴത്തിനായി കാത്തുനിൽക്കാതെ വെറും 14 സെക്കൻഡിനുള്ളിൽ യാത്രാനുമതി ലഭിക്കും. യാത്രക്കാർ ഒറ്റയ്ക്കൊറ്റയ്ക്ക് പോകുന്നതിന് പകരം ഗ്രൂപ്പുകളായി പോലും സുഗമമായി കടന്നുപോകാൻ സാധിക്കും. യാതൊരു രേഖകളും ഹാജരാക്കാതെയും മറ്റ് അധിക നടപടിക്രമങ്ങൾ ഇല്ലാതെയും നിലവിലുള്ള വിവരങ്ങൾ ഉപയോഗിച്ച് മുഖം മാത്രം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കുന്ന നൂതന സംവിധാനത്തിലേക്കാണ് ദുബായ് വിമാനത്താവളം ഇപ്പോൾ മാറിയിരിക്കുന്നത്.
ലോഞ്ചുകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകൾക്ക് ഏത് ദിശയിൽ നിന്നും മുഖം പകർത്താൻ കഴിയും എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ ഈ പുതിയ രീതി വളരെ പ്രയോജനകരമാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പുറപ്പെടുന്ന യാത്രക്കാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഭാവിയിൽ ഇത് എത്തിച്ചേരുന്ന യാത്രക്കാർക്കും വ്യാപിപ്പിക്കാനും യാത്രക്കാർ ഒരു തവണ മാത്രം റജിസ്റ്റർ ചെയ്താൽ മതിയാവുന്ന സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.
‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ സേവനത്തിന് 2024 ലെ ജൈറ്റക്സ് ഗ്ലോബലിൽ അവതരിപ്പിച്ച ‘ട്രാവൽ വിത്തൗട്ട് ബോർഡേഴ്സ്’ എന്ന പദ്ധതിയുമായി സാമ്യതകളുണ്ട്. ഈ സംവിധാനം ദുബായ് വിമാനത്താവളത്തിലെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ജിഡിആർഎഫ്എ പ്രത്യാശ പ്രകടിപ്പിച്ചു.
