അജ്മാൻ: എമിറേറ്റിനെ കൂടുതൽ ഹരിതാഭമാക്കാനൊരുങ്ങി അജ്മാൻ. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് രംഗത്തെത്തിയത്. ഹരിതവും ആകർഷകവുമായ നഗരങ്ങളിൽ ഒന്നായി എമിറേറ്റിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ അജ്മാനിൽ വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള നടപടി തുടരാൻ തീരുമാനിച്ചു.
എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും തെരുവുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും റോഡ് വികസന പദ്ധതികളുടെ നടത്തിപ്പ് സമന്വയിപ്പിക്കുന്നതിനും നഗരസഭ മുൻഗണന നൽകും. സംയോജിത അടിസ്ഥാന സൗകര്യ വികസനം, എമിറേറ്റിന്റെ ആകർഷണീയത, മികച്ച ജീവിതസാഹചര്യം, അജ്മാനിലെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എമിറേറ്റിലെ നിരവധി കവലകളിലും പ്രധാന റോഡുകളിലും സൗന്ദര്യവർധക നടീൽ പദ്ധതികൾ നടപ്പാക്കാൻ വകുപ്പ് ഒരു സംയോജിത പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി.











