വഴിയോരങ്ങളില്‍ കുടിവെള്ളവും മറ്റും വില്‍പന നടത്തുകയും മറ്റു സമയങ്ങളില്‍ യാചകരായി ഇറങ്ങുകയും ചെയ്യുന്നവരാണ് ഇവര്‍
അജ്മാന്‍ : എമിറേറ്റ്‌സിലെ വിവിധ കേന്ദ്രങ്ങളില്‍ യാചകവൃത്തിയിലേര്‍പ്പെട്ട 45 പേരെ അജ്മാന്‍ പോലീസ് പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഏഷ്യന്‍-അറബ് വംശജരാണ് ഇവരില്‍ പിടികൂടിയവരിലേറെയും. 28 പുരുഷന്‍മാരും, 16 സ്ത്രീകളും ഒരു കൂട്ടിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
അനധികൃത ഭിക്ഷ നല്‍കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അജ്മാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. ഇതിനായുള്ള കാരുണ്യ പ്രവര്‍ത്തികള്‍ സര്‍ക്കാരും ഇതര ഏജന്‍സികളും ചെയ്യുന്നുണ്ടെന്നും ഇതിലേക്ക് സംഭാവന ചെയ്യാന്‍ ഷോപ്പിംഗ് മാളുകളിലും മറ്റും കിയോസ്‌കള്‍ തുറന്നിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ജനങ്ങളില്‍ നിന്ന് പണം കവരുന്ന പ്രവര്‍ത്തിയാണ് യാചക വേഷത്തില്‍ ചിലര്‍ ചെയ്യുന്നത്. ഇവര്‍ പൊതുശല്യക്കാരായി മാറിയിട്ടുമുണ്ട്.
യാചകരായി എത്തിയിട്ടുള്ള പലരും അനധികൃത താമസക്കാരും സന്ദര്‍ശിക വീസയില്‍ എത്തിയവരുമാണ്. ഇവരെ നാടുകടത്തുകയാണ് പതിവ്.