റിയാദ് : സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു. വാടകയിലുണ്ടായ വർധനവ് മൂലം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം 2.3% ആയി. മുൻ വർഷത്തെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ പണപ്പെരുപ്പത്തിൽ നേരിയ വർധനവുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധന വിലകളിൽ 6.8% വർധനവുണ്ടായി. ഭക്ഷണ പാനീയങ്ങളുടെ വില 2.2% വർധിച്ചു. മറ്റ് വ്യക്തിഗത സേവനങ്ങളുടെയും സാധനങ്ങളുടെയും വിലയിൽ 3.5% വർധനവുണ്ടായിട്ടുണ്ട്. ആഭരണങ്ങൾ, വാച്ചുകൾ, വിലപിടിപ്പുള്ള പുരാവസ്തുക്കൾ എന്നിവയുടെ വില 21.9% വർധിച്ചത് ഈ വിഭാഗത്തിൽ വലിയ സ്വാധീനം ചെലുത്തി. കാറ്ററിങ് സേവനങ്ങളുടെ വില 2% വർധിച്ചതിനാൽ റസ്റ്ററന്‍റുകളുടെയും ഹോട്ടലുകളുടെയും വിലകളും 2% ഉയർന്നു.
കഴിഞ്ഞ വർഷം ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക റിപ്പോർട്ട് അനുസരിച്ച് ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധന വിലകളിൽ 6.8% വർധനവും റെസിഡൻഷ്യൽ വാടകയിൽ 8.1% വർധനവും രേഖപ്പെടുത്തിയിരുന്നു. ഈ വിഭാഗത്തിലെ വർധനവ് ഏപ്രിലിലെ വാർഷിക പണപ്പെരുപ്പത്തിന്റെ തുടർച്ചയായ വേഗതയിൽ കാര്യമായ സ്വാധീനം ചെലുത്തി. പച്ചക്കറി വിലയിൽ 9.4% വർധനവുണ്ടായതിനാൽ ഭക്ഷണ പാനീയങ്ങളുടെ വില 2.2% ഉയർന്നു. വിദ്യാഭ്യാസ മേഖലയിൽ 1.3% വർധനവുണ്ടായി. പോസ്റ്റ് സെക്കൻഡറി നോൺടെർഷ്യറി വിദ്യാഭ്യാസ ഫീസുകളിൽ 5.6% വർധനവുണ്ടായതാണ് ഇതിന് കാരണം.
എന്നാൽ ചില ദൈനംദിന ഉപഭോഗ വസ്തുക്കളുടെ വിലയിൽ കുറവുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങളുടെയും ഉപകരണങ്ങളുടെയും വില 1.8% കുറഞ്ഞു. ഫർണിച്ചർ, പരവതാനികൾ, തറയോടുകൾ എന്നിവയുടെ വിലയിൽ 3.5% കുറവുണ്ടായി. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 1.2% കുറഞ്ഞു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില 2.1% കുറഞ്ഞതാണ് ഇതിന് കാരണം. ഗതാഗത മേഖലയിലെ വിലയിലും 1% കുറവുണ്ടായി. വാഹനങ്ങൾ വാങ്ങുന്ന വില 1.8% കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.
