റിയാദ് : സൗദി അറേബ്യയുടെ പ്രഥമ ആർട് ് വീക്ക് റിയാദ് സാംസ്കാരിക ആഘോഷം ഏപ്രിൽ 6 മുതൽ 13 വരെ നടക്കും. സാംസ്‌കാരിക സ്ഥാപനങ്ങളെയും കലാകാരന്മാരേയും കലാസ്വാദകരേയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പരിപാടി. ഭാവി തലമുറകളുടെ വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കി ദൃശ്യകലകൾക്കായി മികച്ച അന്തരീക്ഷം വളർത്തിയെടുക്കാനാണ് ആർട് വീക്ക് റിയാദ് വാണിജ്യേതര സംരംഭത്തിലൂടെ ശ്രമിക്കുന്നത്. റിയാദിൽ ഉടനീളം, ചരിത്ര നഗരമായ ദിരിയയിലെ ജാക്സ് ഡിസ്ട്രിക്റ്റ് കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുന്നത്. അമച്വർ കലാകാരന്മാരുടേത് ഉൾപ്പെടെയുള്ള സൃഷ്ടികളും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രദർശിപ്പിക്കും. ആകർഷകമായ ചർച്ചകൾ, ശിൽപശാലകൾ, പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമായ പരിപാടികൾ അരങ്ങേറും. “അറ്റ് ദ എഡ്ജിൽ” എന്ന പ്രമേയത്തിന് കീഴിൽ ആഗോള സാംസ്കാരിക വിനിമയത്തിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ റിയാദിൻ്റെ പങ്ക് ഉയർത്തിക്കാട്ടുന്ന ആശയങ്ങളാണ് അവതരിപ്പിക്കുന്നത്.
