റിയാദ്: സൗദി അറേബ്യയും സിംഗപ്പൂരും സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ സിംഗപ്പൂർ സന്ദർശനത്തിനിടെയാണിത്. സാമ്പത്തിക, വികസന മേഖലകളിലെ സഹകരണം വർധിപ്പിക്കുക, വ്യാപാര വിനിമയത്തിന്റെ അളവ് വർധിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദിയുടെയും സിംഗപ്പൂരിന്റെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു.
സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കുന്നത് വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള ഗുണപരമായ അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ‘സൗദി വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിലാണിത്. ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലൊന്നെന്ന നിലയിൽ സിംഗപ്പൂരിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്ന വിശാലമായ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതിന് സഹകരണം വർധിപ്പിക്കുന്നതിനുള്ള സൗദിയുടെ അഭിലാഷം പ്രകടിപ്പിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സന്ദർശനത്തിനിടെ സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണനുമായി സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. സൗദിയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളിലെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിൽ വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു.
