English മലയാളം

Blog

സുധീര്‍നാഥ്

എത്രയത്ര സ്ഥാപനങ്ങളാണ് തൃക്കാക്കരയില്‍ ഉള്ളത്. സന്തോഷകരമായി ഒത്തുകൂടുന്ന ക്ലബുകള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍, അനാഥാലയങ്ങളും, കരുണാലയങ്ങളും, വൃദ്ധസദനങ്ങളും ത്യക്കാക്കരയിലുണ്ട്. അടുത്തിടെ ഒരു സുഹ്യത്ത് സാമൂഹ്യമാദ്ധ്യമത്തില്‍ എഴുതി. ഞങ്ങളുടെ പ്രിയ മാതാവിന്‍റെ വിയോഗത്തില്‍ നേരിട്ടും, അല്ലാതെയും ആശ്വാസവാക്കുകള്‍ കൊണ്ട് സാന്ത്വനപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. കോടികളുടെ ആസ്തിയുള്ള അദ്ദേഹത്തിന്‍റെ അമ്മ കഴിഞ്ഞിരുന്നത് തൃക്കാക്കരയ്ക്കു സമീപമുള്ള വൃദ്ധസദനത്തിലായിരുന്നു. അമ്മ ജീവിച്ചിരുന്നപ്പോള്‍ വല്ലപ്പോഴും അതിഥിയായി വീട്ടിലേയ്ക്ക് വരുമായിരുന്നു എന്നതും, സുഖമില്ലാതായപ്പോള്‍ വൃദ്ധസദനത്തില്‍നിന്നാണ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയത് എന്നതും രഹസ്യം.

ഇത്തരത്തില്‍ വളരെ രഹസ്യസ്വഭാവമുള്ള ഒരു ക്ലബ് വര്‍ഷങ്ങളായി തൃക്കാക്കരയിലുണ്ട്. മേസോണിക് ഹാള്‍. ആഴ്ചയില്‍ രണ്ടാം ശനിയാഴ്ച മാത്രം അവിടെ മുന്തിയ വാഹനത്തില്‍ ആളുകള്‍ വരും. മതില്‍ക്കെട്ടിന് ഉയരമുള്ളതിനാല്‍ അകത്തെന്ത് നടക്കുന്നു എന്നത് ദുരൂഹമായിരുന്നു. ചിലര്‍ പ്രേതഭവനം എന്ന് പറഞ്ഞു. ചിലര്‍ ചാത്തന്‍ സേവ എന്നു പറഞ്ഞു. വേറേ ചിലര്‍ ബ്ലാക്ക് മാജിക് കേന്ദ്രമെന്ന് പറഞ്ഞു. ഇങ്ങനെ പല ഇല്ലാക്കഥകളും കുട്ടിക്കാലത്ത് ഈ കെട്ടിടത്തെ ചുറ്റിപ്പറ്റി കേട്ടിരുന്നു. വളരെ രഹസ്യസ്വഭാവമുള്ള വിഭാഗമാണ് എന്ന ഒരു സംസാരം കുട്ടിക്കാലത്ത് കേട്ടിരുന്നു. ഈ കെട്ടിടത്തിന്‍റെ അടുത്തുകൂടി രാത്രി ഒറ്റയ്ക്കു പോകാന്‍ പേടിച്ചിരുന്നു. പേടിപ്പെടുത്തുന്ന അപസര്‍പ്പകകഥകള്‍ ചിലര്‍ ഇതിനെകുറിച് പറയുന്നത് കേട്ടിട്ടുണ്ട്.

ഡല്‍ഹിയില്‍ 1996ല്‍ എത്തിയപ്പോഴാണ് മേസോണിക് ലോഡ്ജിനെക്കുറിച്ച് അറിയുന്നത്. ജന്‍പഥിലെ മേസോണിക് ക്ലിനിക്കില്‍ പലതവണ പോകേണ്ടി വന്നിട്ടുണ്ട്. മേസോണിക് ലോഡ്ജ് എന്നാണ് പറയുന്നതെങ്കിലും ഒരു ക്ഷേത്രം പോലെയാണ് അവര്‍ അതിനെ കരുതുന്നത്. 1980 ല്‍ കുഞ്ഞാലൂസിലെ ഡോക്ടര്‍ കെ. പി മുഹമ്മദ് ബാബു സംഭാവന ചെയ്ത ഭൂമിയിലാണ് തൃക്കാക്കരയിലെ മലയുടെ മുകളില്‍ 243 ാം നമ്പര്‍ മേസോണിക് ലോഡ്ജ് കെട്ടിടം പണിത് പ്രവര്‍ത്തനം തുടങ്ങുന്നത്. തൃക്കാക്കരയിലെ മേസോണിക് ലോഡ്ജില്‍ 72 അംഗങ്ങള്‍ മാത്രമാണുള്ളത്. രഹസ്യസ്വഭാവം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട് എന്നത് സത്യമാണ്.

ഒരാള്‍ക്ക് അത്രവേഗത്തില്‍ ഒരു അംഗത്വം അവിടെ ലഭിക്കില്ല. ഒരു മേസന്‍ ആകുന്നതിന് ഏതു മതത്തില്‍ വിശ്വസിക്കുന്നവനും സാധിക്കും. ഒരു നിരീശ്വരവാദി ആകരുത് എന്നതു മാത്രമാണ് ഏക നിര്‍ബ്ബന്ധം. എല്ലാ മതഗ്രന്ഥങ്ങളും അവിടെ ഉണ്ടായിരിക്കും. രണ്ടു മുതിര്‍ന്ന മേസന്‍മാരുടെ പിന്തുണയോടെ അപേക്ഷ നല്‍കണം. അപേക്ഷ പരിശോധിച്ച് രഹസ്യ ബാലറ്റിലൂടെ അഭിപ്രായം തേടും. അംഗീകാരം കിട്ടിയാല്‍ അംഗമാകാം. ഒരിക്കല്‍ അംഗമായാല്‍ പല തട്ടുകളിലൂടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൂര്‍ണ്ണതയുള്ള മേസന്‍ ആകുകയുള്ളൂ.

Also read:  ഒമാനില്‍ ഷോപ്പിങ് മാളുകള്‍ തുറന്നു

മേസോണിക് എന്നത് ഒരു മതമല്ല, ഒരു സേവന സംഘമാണ്. അവര്‍ ദൈവത്തില്‍ മാത്രം വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ 386 മേസോണിക് ലോഡ്ജുകളുണ്ട്. സ്വാമി വിവേകാനന്ദനും, ജവഹര്‍ലാല്‍ നെഹ്റുവും, രാജഗോപാലാചാരിയുമടക്കം പല പ്രമുഖരും മേസന്‍മാരായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യ പ്രചാരണമില്ല. യോഗങ്ങള്‍, നടപടികള്‍ എന്നിവയ്ക്ക് അംഗങ്ങള്‍ക്കു മാത്രമാണ് പ്രവേശനം. ഒരു അന്തര്‍ദേശിയ സംഘടന തൃക്കാക്കര കേന്ദ്രീകരിച്ച് 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

1980 ല്‍ തന്നെയാണ് തൃക്കാക്കരയിലെ പ്രശസ്തമായ ക്ലബായ സബര്‍ബന്‍ ആരംഭിക്കുന്നത്. ഇന്ന് അത് വളര്‍ന്നു വലുതായി. പട്ടണത്തില്‍നിന്നു പോലും ബിസിനസുകാര്‍ വൈകുന്നേരങ്ങള്‍ ചെലവിടാന്‍ ഇവിടെ എത്തുന്നു. സാധാരണക്കാരൊന്നും അവിടെ പോകാറില്ല. മുന്‍പ് വളരെ ശാന്തമായ പ്രദേശമായിരുന്നു. ഇപ്പോള്‍ സീപ്പോട്ട് എയര്‍പ്പോര്‍ട്ട് റോഡ് വന്നതോടെ തിരക്കേറിയ പ്രദേശമായി അത് മാറി.

തൃക്കാക്കരയില്‍ വൈഎംസിഎയുടെ ബോയസ് ഹോം 1960 മുതല്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെങ്ങും നിന്നുള്ള പാവങ്ങളായ കുട്ടികളെ ഇവിടെ താമസിപ്പിച്ച് പഠിപ്പിക്കുമായിരുന്നു. അവിടത്തെ കുട്ടികള്‍ തോപ്പില്‍ സ്കൂളിലും, ഇടപ്പള്ളി സെയ്ന്‍റ് ജോര്‍ജ്ജ് സ്കൂളിലുമാണ് പോയിരുന്നത്. വട്ടവടയിലെ അഭിമന്യു അടക്കം ആയിരക്കണക്കിനു കുട്ടികള്‍ ഇവിടെ നിന്നു പഠിച്ചിറങ്ങിയിട്ടുണ്ട്. എറണാകുളം വൈ.എം.സി.എ.യാണ് ഇതിന്‍റെ നടത്തിപ്പുകാര്‍. തടിച്ച് കുടവയറുള്ള പൊക്കം കറഞ്ഞ ചാക്കോമാഷായിരുന്നു കുട്ടിക്കാലത്ത് അവിടം നയിച്ചിരുന്നത്. ജോര്‍ജ് ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന മനുഷ്യനായിരുന്നു മുപ്പതോളം വര്‍ഷം അവിടെ ഭക്ഷണം പാചകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ഇരുവരെയും എങ്ങനെയാണ് തൃക്കാക്കരയിലുള്ളവര്‍ക്ക് മറക്കുവാന്‍ സാധിക്കുക. ഇന്ന് ബോയ്സ് ഹോം അവിടെ ഇല്ല. പകരം, സ്പെഷ്യല്‍ സ്കൂളാണ് നടക്കുന്നത്.

കേരളത്തില്‍നിന്ന് മാദ്ധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ 1979 ല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള സര്‍ക്കാരും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനമാണ് കേരള പ്രസ് അക്കാദമി. 2014 ല്‍ അത് കേരള മീഡിയ അക്കാദമി എന്നു പേര് മാറ്റി. ഇപ്പോള്‍ അവിടെ മാദ്ധ്യമരംഗത്തുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കുന്നു. അച്ചടിമാദ്ധ്യമം മാത്രമല്ല, ദ്യശ്യമാദ്ധ്യമ പഠനവും, ഫോട്ടോ ഗ്രാഫിയും മറ്റും അവിടെ പഠിക്കുവാന്‍ സാധിക്കും.

Also read:  ആലപ്പുഴ ജില്ലയില്‍ സ്ഥിതി ഗുരുതരം: ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

കരുണാലയം എന്ന സ്ഥാപനം ഭാരത് മാതാ കോളേജിന് എതിര്‍വശത്ത് ഉണ്ട്. അവിടം എന്തു മനോഹരമായിട്ടാണെന്നോ നോക്കിനടത്തുന്നത്! വൃദ്ധജനങ്ങളാണ് അവിടത്തെ അന്തേവാസികള്‍. പലരും വലിയ കുടുംബത്തില്‍ നിന്നുള്ളവരാണ്. മക്കള്‍ വിദേശത്തുള്ളവരുണ്ട്. സ്വദേശത്തുള്ളവരുണ്ട്. അവിടത്തെ അന്തേവാസികള്‍ പലരും വിശ്രമജീവിതം നയിക്കുന്നവരാണ്. ഓരോരുത്തര്‍ക്കും ഓരോ കഥകളുണ്ട്. ഭാരത് മാതാ കോളേജില്‍ പഠിക്കുന്ന കാലത്ത് പലതവണ അവിടെ പോയിട്ടുണ്ട്.

മാനസികരോഗികളും, രോഗം സുഖപ്പെട്ടവരുമായ അറുപതിലേറെ സ്ത്രീകള്‍ അന്തേവാസികളായ ആശാഭവന്‍ തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിനു ചേര്‍ന്നാണ്. രോഗം സുഖപ്പെട്ടിട്ടും അവിടെത്തന്നെ കഴിയാന്‍ വിധിക്കപ്പെട്ടവരും ഇല്ലാതില്ല. കന്യാസ്ത്രീകളാണ് കരുണാലയത്തിന്‍റെയും, ആശാഭവന്‍റെയും മേല്‍നോട്ടം വഹിക്കുന്നത്. വളരെ ഭംഗിയായി നടത്തികൊണ്ടുപോകുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിക്കുന്നുണ്ട്.

ചെമ്പുമുക്കിലെ സ്നേഹ നിലയം എന്ന സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 50 വര്‍ഷമെങ്കിലും ആയി കാണണം. ആദ്യ കാലങ്ങളില്‍ ജപ്പാന്‍, ജര്‍മനി, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ ആണ് ഉണ്ടായിരുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ മാതാ പിതാക്കള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ പഠിപ്പിക്കാന്‍ ഇവിടെ വന്ന് സ്ഥലം വാങ്ങി താമസിക്കാറുണ്ടായിരുന്നു.

തോപ്പിലെ സെയ്ന്‍റ് ജോസഫ്സ് ലോവര്‍ പ്രൈമറി സ്കൂള്‍ ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്നു. നാലാം തരം വരെ മാത്രമേ അവിടെ പഠിപ്പിക്കുമായിരുന്നുള്ളൂ. ഇടപ്പള്ളി പള്ളിയുടെ കീഴിലായിരുന്നു ഈ സ്കൂളും, ഇടപ്പള്ളി സെയ്ന്‍റ് ജോര്‍ജ് സ്കൂളും പ്രവര്‍ത്തിച്ചിരുന്നത് കുട്ടിയായിരിക്കുമ്പോള്‍ തോപ്പില്‍ സ്കൂളില്‍ മാതാപിതാക്കളോടൊപ്പം വോട്ടിങ് ദിനത്തില്‍ പോയിട്ടുണ്ട്. തോപ്പിലെ പള്ളിയില്‍ വിവാഹവും, തോപ്പില്‍ സ്കൂളില്‍ ഭക്ഷണംനല്‍കലും നടന്നതും, പല വിവാഹചടങ്ങിലും പങ്കെടുത്തതിനാല്‍ ഓര്‍മ്മയിലുണ്ട്.

ജഡ്ജുമുക്കിലെ ദാര്‍സലാം സ്കൂള്‍ തൃക്കാക്കര ജുമാമസ്ജീദിനു കീഴില്‍ പ്രവര്‍ത്തിച്ച ഒന്നാണ്. വളരെ ചെറിയ സൗകര്യങ്ങളാണെങ്കിലും ഇവിടെനിന്ന് പഠിച്ചിറങ്ങിയ പലരും ഐ.എഎസ്, മാദ്ധ്യമ രംഗം മുതല്‍ പല ഉന്നതരംഗത്തും പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനമാണ്.

Also read:  രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു, ഇനി വീട്ടിലുള്ളവര്‍ക്ക്‌ കോവിഡ്‌ വരാതിരിക്കാന്‍ ഞങ്ങളെന്താണ്‌ വേണ്ടത്‌?

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശാസ്ത്ര സര്‍വ്വകലാശാലയാണ് തൃക്കാക്കരയിലെ കുസാറ്റ്. 1971 ല്‍ രൂപംകൊണ്ട യൂണിവേഴ്സിറ്റി ഓഫ് കൊച്ചി, 1986 ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയായിരുന്നു പ്രഥമ വൈസ് ചാന്‍സലര്‍. 180 ഏക്കറില്‍ സ്ഥിതിചെയ്യുന്ന സര്‍വ്വകലാശാല തൃക്കാക്കര ക്യാമ്പസ് ഇപ്പോള്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലാണ്. കുസാറ്റിന് വേമ്പനാട് കായലിനോടു ചേര്‍ന്നും, കുട്ടനാടും ഓരോ ക്യാമ്പസുണ്ട്.

തൃക്കാക്കര വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ സമ്പന്നമാണ്. സെയ്ന്‍റ് ജോസഫ്സ്, മേരി മാതാ, ഹില്‍വാലി, കൊച്ചിന്‍ പബ്ലിക് സ്കൂള്‍ തുടങ്ങിയവ സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് ശ്രദ്ദേയസാന്നിദ്ധ്യമാണ്… 1947 ല്‍ ആദ്യത്തെ ഹൈസ്കൂള്‍ തൃക്കാക്കരയില്‍ പ്രവര്‍ത്തനം തുടങ്ങി. തൃക്കാക്കരയിലെ കാക്കനാട് കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന മാര്‍ അത്തനേഴ്സ്യസ് ഹൈസ്കൂള്‍ തുടങ്ങിയത് കെ. പി. കുര്യനായിരുന്നു. അതിനുമുന്‍പ് കുട്ടികള്‍ നടന്ന് പട്ടണപ്രദേശങ്ങളില്‍ പോയി വേണം ഹൈസ്കൂള്‍ പഠനം നടത്തേണ്ടിയിരുന്നത്. ഭാരത് മാതാ കോളേജ്, മോഡല്‍ എന്‍ജിനിയറിങ്ങ് കോളേജ്, കെ.എം.എം. കോളേജ് തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേറേ.

തൃക്കാക്കര ക്ഷേത്രത്തിനു സമീപമുള്ള ലവൂക്ക കോണ്‍വെന്‍റ് ഏറെ പ്രശസ്തമാണ്. 1974 ല്‍ ആരംഭിച്ചതാണു കോണ്‍വെന്‍റ്. കുട്ടികളുടെ ഡേ കെയര്‍ സെന്‍റര്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്നു.

തൃക്കാക്കരയെക്കുറിച്ച് എഴുതുവാന്‍ ഇനിയും ഏറെ ഉണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത സംഭവകഥകളുടെ കുറെ കൂമ്പാരങ്ങളുണ്ട്. സമൂഹമറിയാത്ത സംഭവങ്ങളുണ്ട്. ഏതൊരു ഗ്രാമത്തിലും അതുണ്ട്. അതില്‍ ചിലത് തപ്പിയെടുത്തു. സമുദ്രത്തിലെ മത്സ്യങ്ങളെ വര്‍ഷങ്ങളായി മുക്കുവര്‍ പിടിക്കുന്നു. മുക്കുവരുടെ എണ്ണം കൂടുന്നതല്ലാതെ മത്സ്യങ്ങളുടെ എണ്ണം കുറയുന്നില്ലല്ലോ. ഇനിയും കുറെ കഥകള്‍ തൃക്കാക്കരയെ ചുറ്റിപ്പറ്റി ഉള്ളത് പുറം ലോകം അറിയട്ടെ. തത്ക്കാലം അന്‍പത് വിഷയങ്ങളില്‍ പരാമര്‍ശിച്ച തൃക്കാക്കര എന്ന എന്‍റെ ഗ്രാമത്തിന്‍റെ കഥ അവസാനിപ്പിക്കുന്നു. പക്ഷേ കഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇരിക്കണം…