സുധീര്‍നാഥ്
മലയാള ഭാഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിച്ചു കൂടുവാന്‍ സാധിക്കാത്ത മലയാളത്തിന്‍റെ ടീച്ചറമ്മയുണ്ട്. ഈ ടീച്ചറമ്മ ത്യക്കാക്കരയുടെ അഹങ്കാരമാണ്. ഗുരുവായൂര്‍ സ്വദേശിയായ ഡോക്ടര്‍ എം ലീലാവതി വര്‍ഷങ്ങളായി ത്യക്കാക്കര കേന്ദ്രമാക്കി ജീവിക്കുന്നു. ത്യക്കാക്കരയുടെ വായനാ ശീലം വളര്‍ത്തിയ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയില്‍ അവര്‍ നല്‍കിയ വലിയ സംഭാവനകള്‍ ചെറുതല്ല. ഒപ്പം ടീച്ചറുടെ ഭര്‍ത്താവ് അന്തരിച്ച മേനോന്‍ സാറും. മലയാളത്തിന് സംഭാവന നല്‍കിയ മറ്റൊരു അദ്ധ്യാപകനും എഴുത്തുകാരനുമാണ് പത്തനംതിട്ട സ്വദേശിയായ പ്രൊഫസര്‍ എം തോമസ് മാത്യു. ഇരുവരും ത്യക്കാക്കരയില്‍ വര്‍ഷങ്ങളായി ജീവിക്കുന്നു. ഇരുവരും വയലാര്‍ അവാര്‍ഡ് ത്യക്കാക്കരയിലേയ്ക്ക് കൊണ്ടു വന്നു. പത്മശ്രീയടക്കം, ഓടകുഴല്‍ അവാര്‍ഡ്, എത്രയോ തവണ കേന്ദ്ര, സംസ്ഥാന അവാര്‍ഡുകളടക്കം ലീലാവതി ടീച്ചര്‍ ത്യക്കാക്കരയിലെത്തിച്ചു.
ജ്ഞാനപീഠ അവാര്‍ഡ് ജേതാവും, രാജ്യസഭാ അംഗവുമായ, പത്മഭൂഷന്‍ മഹാകവി ജി ശങ്കരകുറുപ്പ് അന്ത്യ വിശ്രമം കൊള്ളുന്നത് ത്യക്കാക്കരയിലാണ്. 1978 ഫെബ്രുവരി 2ന് ജി ശങ്കരകുറുപ്പിന്‍റെ ഭൗതീക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ത്യക്കാക്കര ക്ഷേത്രത്തിന് മുന്നിലൂടെ കടന്ന് പോയത് മറക്കാതെ ലേഖകന്‍ ഓര്‍ക്കുന്നു.
മുരളിരാഗമധുര
മുവന്നമൊരുയാത്രികന്‍
വരും വിളിയ്ക്കും ഞാന്‍ പോകും
വാതില്‍ പൂട്ടാതെയക്ഷമം
എന്ന നാല് വരി കവിത അദ്ദേഹത്തിന്‍റെ ശവകുടീരത്തില്‍ എഴുതി വെച്ചിരിയ്ക്കുന്നത് ഇപ്പോഴും അവിടെ കാണാം. ജിയുടെ പിന്‍ തലമുറക്കാര്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 2ന് ഓര്‍മദിനത്തില്‍ അവിടെ പുഷ്പാര്‍ച്ചന നടത്താറുണ്ട്.
1977ല്‍ ത്യക്കാക്കരയിലെ സാഹിത്യതത്പരരായ യുവാക്കള്‍ ചേര്‍ന്ന് കേസരി മാത്യഭൂമി സ്റ്റഡി സര്‍ക്കിളിന്‍റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ചേതന ക്കൈയ്യെഴുത്ത് മാസികയുടെ ആദ്യ ലക്കം. (കടപ്പാട് വിശ്വനാഥന്‍) പ്രകാശിപ്പിച്ചത് ജി ശങ്കരകുറുപ്പാണ്. അവതാരിക എഴുതിയത് ഡോക്ടര്‍ എം ലീലാവതിയും. അപ്പന്‍ തച്ചേത്ത് അടക്കമുള്ളവരുടെ രചനകളുണ്ട്. അദ്ദേഹം 1977 ഏപ്രില്‍ 10ന് സ്വന്തം ക്കൈപ്പടയില്‍ ചേതനയുടെ ആദ്യ ലക്കത്തില്‍ ഇങ്ങനെ എഴുതി…
സര്‍ഗാത്മകങ്ങളായ സ്വപ്നങ്ങളുടെ വിചിത്രങ്ങളായ ആവിഷ്ക്കാരങ്ങള്‍ എന്നെ ആഹ്ളാദിപ്പിക്കുന്നു. യുവ ബാല പ്രതികള്‍ക്ക്, എന്‍റെ വിജയാശിര്‍വാദം ! സസ്നേഹം, ജി. ശങ്കരകുറുപ്പ് 10/04/1977
ഇടപ്പള്ളിയും, ചങ്ങമ്പുഴയും അയല്‍ക്കാരായ കവികളാണ്. കവിതകളും കഥകളുമായി അപ്പന്‍ തച്ചേത്തും, കവിയും, ഫോക്ക്ലോറിസ്റ്റുമായ എഴുമംഗലം കരുണാകരന്‍, തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ ഓര്‍മകളായി. ഇപ്പോള്‍ കഥകളുമായി പി എഫ് മാത്യൂസും, രഘുനാഥ് പല്ലേരിയും അടക്കം ഇന്ന് ത്യക്കാക്കരയില്‍ ഒട്ടേറെ സാഹിത്യകാരന്‍മാര്‍ ഉണ്ട്. ചലചിത്ര സംവിധായകരും, എഴുത്തുകാരുമായ സിദ്ദീക്കും ലാലും ത്യക്കാക്കരയിലാണിപ്പോള്‍. ആഷിക്ക് അബു ത്യക്കാക്കര സ്വദേശിയായിരിക്കുന്നു. റീമാ കല്ലുങ്കല്‍ മരുമകളും. പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനുമായ സി ആര്‍ ഓമനകുട്ടന്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സിലെ അന്തേവാസിയായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ സംവിധായകന്‍ അമല്‍ നീരദ് അവിടെ തന്നെയായിരുന്നു. സിനിമാ നിര്‍മ്മാതാവും എഴുത്തുകാരനായ ഡോക്ടര്‍ എസ് ഷാജഹാന്‍ (ഇവള്‍ ഒരു നാടോടി), ഉണിച്ചിറ നിവാസിയാണ്. ഹാസ്യ സാഹിത്യകാരന്‍ ചെമ്മനം ചാക്കോയും, സുകുമാറും തിരുവനന്തപുരം ഉപേക്ഷിച്ച് ത്യക്കാക്കരയിലെത്തി.
അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സത്യവ്യതനും, മുതിര്‍ന്ന ഫോട്ടോഗ്രാഫറായ ജീവന്‍ ജോസും, മലയാള മനോരമയുടെ അസിസ്റ്ററ്റ് എഡിറ്റര്‍ കെ ജി നെടുങ്ങാടിയും, ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ന്യൂസ് എഡിറ്ററായിരുന്ന പി പി മേനോനും, ചീഫ് റിപ്പോര്‍ട്ടറായിരുന്ന എം ജെ എബ്രഹാമും, താമസിച്ചിരുന്നത് ത്യക്കാക്കരയിലാണ്.
മാത്യഭൂമിയുടെ പത്രാധിപരായിരുന്ന വി പി രാമചന്ദ്രന്‍ ത്യക്കാക്കര ഓലിമുഗളിലാണ് താമസം. ഏറെക്കാലം ഡല്‍ഹിയിലാരുന്ന അദ്ദേഹം എപി, പിറ്റിഐ, യുഎന്‍ഐ എന്നീ വാര്‍ത്താ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചു. യുഎന്‍ഐ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു. ഡല്‍ഹി പ്രസ് ക്ലബിന്‍റെ സെക്രട്ടറിയായി രണ്ട് വര്‍ഷം സേനം അനുഷ്ടിച്ചിരുന്നു. ഡല്‍ഹി മലയാളി അസോസിയഷന്‍റെ പ്രസിഡന്‍റായി രണ്ട് വര്‍ഷം സേവനം അനുഷ്ടിച്ചു. മാധ്യമ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കേസരി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമി ചെയര്‍മാനായിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ പഠനകളരിയായ കേരള മീഡിയ അക്കാദമിയും ത്യക്കാക്കരയില്‍ തന്നെയാണ്. ന്യൂസ്24, സൂര്യ ടിവി എന്നിവയും ത്യക്കാക്കര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അസാധു, ടക്ക് ടക്ക് തുടങ്ങിയ ഹാസ്യ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അക്കാലത്ത് ത്യക്കാക്കര പൈപ്പ് ലൈന്‍ ജംഗ്ഷന് സമീപമായിരുന്നു താമസിച്ചിരുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജി രംഗമണി, കെ എസ് മൊഹിദ്ദീനും, മാധവനും, പ്രഭുവും, സിവിവി ഭട്ടതിരിയും, സതീശ് ചന്ദ്രനും, കെ എം അബ്ബാസും ത്യക്കാക്കരയില്‍ തന്നെ. പിന്നീടുള്ള തലമുറയിലെ ജി ബാബുരാജും, രാജ്മോഹനും, പി എ സുബൈറും, ബാബു പല്ലച്ചിയും, ഇ ജി ക്യഷ്ണന്‍ നമ്പൂതിരിയും, മാര്‍ട്ടിനും തുടങ്ങി നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ത്യക്കാക്കരയ്ക്ക് സ്വന്തം.