ഷാർജ: പാചക വാതകം, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള കണക്‌ഷനുകൾ ഇനി മുതൽ ഓൺലൈനായി ലഭ്യമാകുന്നു. ഇതോടെ ഓഫിസുകളിൽ അപേക്ഷ നൽകി കാത്തുനിൽക്കേണ്ട സാഹചര്യം അവസാനിക്കുകയാണ്.
ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുമായി (SEWA) സഹകരിച്ച് ഷാർജ മുനിസിപ്പാലിറ്റിയാണ് ഈ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയുടെ ഡിജിറ്റൽ ഇടപാടുകൾക്കായി രൂപപ്പെടുത്തിയ ‘ആഖറി’ പ്ലാറ്റ്‌ഫോം വഴിയാണ് കണക്‌ഷൻ പ്രക്രിയകൾ പൂർത്തിയാക്കേണ്ടത്.
പുതിയ വീട്ടിലേക്കുള്ള മാറലിനിടെ വാടക കരാറുമായി ബന്ധപ്പെട്ട അറ്റസ്റ്റേഷൻ നടപടികളും ഇനി ഓൺലൈനായി തന്നെ നടക്കും. അറ്റസ്റ്റഡ് ഫയൽ മുനിസിപ്പാലിറ്റിയിൽ നിന്ന് സേവയിലേക്കു നേരിട്ട് കൈമാറുന്നതാണ് പുതിയ സംവിധാനം.
സേവയ്ക്ക് ഫയൽ ലഭിച്ചതിനു പിന്നാലെ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് ഇലക്ട്രിസിറ്റി ഡിപ്പോസിറ്റിനുള്ള ഫീസിന്റെ വിവരം ലഭിക്കും. പണം അടയ്ക്കുമ്പോൾ വൈദ്യുതി കണക്‌ഷൻ തത്സമയം ആക്റ്റീവ് ചെയ്യും. പാചകവാതക കണക്‌ഷനും അതേ രീതിയിൽ ഓൺലൈൻ വഴി കൈകാര്യം ചെയ്യാം.
ഈ സംവിധാനത്തോടെ, ഷാർജയിലെ താമസക്കാർ നേരിട്ടിരുന്ന പ്രധാനമായ സേവനപ്രവേശന തടസങ്ങൾ ഒഴിവാക്കപ്പെടുന്നതായി അധികൃതർ അറിയിച്ചു.