എമിറേറ്റ്സ് ഐഡി കൃത്രിമമായി നിര്‍മിച്ചെന്ന കുറ്റത്തിലാണ് പ്രവാസി വനിതയ്ക്ക് ശിക്ഷ
ദുബായ് : യുഎഇ എമിറേറ്റ്‌സ് ഐഡി വ്യാജമായി നിര്‍മിച്ച പ്രവാസി വനിതയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ.
സ്വന്തം നാട്ടിലെ പ്രിന്റിംഗ് കമ്പനിയുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്ന് ഇവര്‍ സമ്മതിച്ചു. മുമ്പ് കൈവശം ഉണ്ടായിരുന്ന എമിറേറ്റ്‌സ് ഐഡിയുടെ കാലാവധി അവസാനിച്ചതോടെ വീസ പുതുക്കാനാവാതെ വന്നതോടെയും വ്യാജമായി ഉണ്ടാക്കാന്‍ നാട്ടിലെ സ്വകാര്യ പ്രസ്സിന്റെ സഹായം തേടുകയായിരുന്നു.
യുഎഇയില്‍ സ്വദേശിയുമായുണ്ടായ വാക്കേറ്റത്തിനിടെയാണ് യുവതി പിടിയിലായത്. ഇവര്‍ സ്വദേശിയെ അക്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
എന്നാല്‍, ഇവരുടെ കൈവശമുണ്ടായിരുന്ന എമിറേറ്റ്‌സ് ഐഡി വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. മൈക്രോ ചിപ് ഉള്ള ഐഡിയില്‍ നിന്നും എമിഗ്രേഷനിലെ വിവരങ്ങള്‍ ലഭിക്കാതെ വന്നപ്പോഴാണ് കൂടുതല്‍ ചോദ്യം ചെയ്തത്.
ഇവരെ മൂന്നു മാസത്തെ തടവു ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഇവരുടെ പേരുവിവരങ്ങളും സ്വദേശവും പോലീസ് പുറത്തുവിട്ടിട്ടില്ല.