മസ്കത്ത്: നാട്ടിൽനിന്ന് വിഭവങ്ങൾ എത്തിത്തുടങ്ങിയതോടെ മലയാളികൾ വിഷു ആഘോഷ തിരക്കിലേക്ക് നീങ്ങി . വിഷു ദിനം ഒമാനിൽ പ്രവൃത്തി ദിനമായത് ആഘോഷപൊലിമ കുറക്കും. മലയാളികളുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും ബാക്കിയുള്ളവർക്ക് വിഷു പ്രവൃത്തി ദിവസമായിരിക്കും. അതിനാൽ മലയാളികളിൽ പലരും വിഷു ദിനത്തിൽ ജോലി ചെയ്യേണ്ടി വരും. കുടുംബമായി കഴിയുന്നവർ കുടുംബത്തോടൊപ്പവും ഒറ്റക്ക് താമസിക്കുന്നവർ കൂട്ടായി ചേർന്നും ആഘോഷങ്ങൾ നടത്തും.
വിഷുവിന്റെ പ്രധാന ചടങ്ങാണ് വിഷുക്കണി. കണിവെള്ളരിയും കണിക്കൊന്നയും കണിമാങ്ങയും അടക്കം നിരവധി കണി വിഭവങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഹൈപ്പർ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിഷുക്കണിവിഭവങ്ങൾ എത്തിക്കഴിഞ്ഞു. ഇതിനാൽ വാരാന്ത്യ അവധി ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കണിവെള്ളരി, കണിമാങ്ങ, തേങ്ങ മറ്റ് കണിക്കാവശ്യമായ പച്ചക്കറി വിഭവങ്ങൾ എന്നിവ എത്തികഴിഞ്ഞു. എന്നാൽ ശനി, ഞായർ ദിവസങ്ങളിലായാണ് കണികൊന്ന നാട്ടിൽ നിന്ന് എത്തുക. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് കണികൊന്ന മരങ്ങളുണ്ട്.
വിഷു ആഘോഷത്തിന്റെ ഭാഗമായി പ്രധാന ഹൈപർമാർകറ്റുകളിലെല്ലാം വിഷു കിറ്റുകളും ലഭ്യമാണ്. വിവിധ പച്ചക്കറികൾ അടങ്ങിയ കിറ്റുകൾക്ക് ഒരു റിയാലിൽ താഴെയാണ് പല സ്ഥാപനങ്ങളും ഈടാക്കുന്നത്. ഇത്തരം കിറ്റുകൾ ഏതാണ്ടെല്ലാ മലയാളികളും വാങ്ങി കൂട്ടുന്നുണ്ട്. സാമ്പാർ വിഭവങ്ങളാണ് കാര്യമായി കിറ്റിലുണ്ടാവുക. വിഷു കോടികളും വിഷുവിലെ വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് ഹൈപർമാർക്കറ്റുകളും ഹോട്ടലുകളും വിഷു സദ്യയും ഒരുക്കുന്നുണ്ട്. ഹോട്ടലുകളിൽ നിരവധി വിഭവങ്ങളുമായുള്ള വിഷു സദ്യക്ക് ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി.











