മുംബൈ: ഓഹരി വിപണി ശക്തമായകുതിപ്പ് തുടരുന്നതാണ് ഇന്നും കണ്ടത്. സെന്‍സെക്‌സ് 429 പോയിന്റ് ഉയര്‍ന്ന് 35,843 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തില്‍ 36,014.92 പോയിന്റ് വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 121.65 പോയിന്റ് ഉയര്‍ന്ന് 10,551.70 ല്‍ ക്ലോസ് ചെയ്‌തു. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,598.20 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി സുപ്രധാന സമ്മര്‍ദ നിലവാരമായ 10,550 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്‌തത് ഒരു പ്രധാന സൂചനയാണ്. വിപണി തുടര്‍ന്നും കുതിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഓട്ടോമൊബൈല്‍ ഓഹരികളാണ് കുതിപ്പിന് ശക്തിയേകിയത്. മഹീന്ദ്ര & മഹീന്ദ്ര ആറ് ശതമാനവും ഹീറോ മോട്ടോഴ്‌സ് അഞ്ച് ശതമാനവും നേട്ടം രേഖപ്പെടുത്തി. മഹീന്ദ്ര & മഹീന്ദ്ര, ഹീറോ മോട്ടോഴ്‌സ്, ടൈറ്റാന്‍, സിപ്ല, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
നിഫ്‌റ്റി ഓട്ടോ സൂചിക 2.8 ശതമാനമാണ് ഉയര്‍ന്നത്. ഫാര്‍മ ഓഹരികളും മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്.
ആക്‌സിസ് ബാങ്ക്, വേദാന്ത, യുപിഎല്‍, ഹീന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.