കൊൽക്കത്ത : യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം തള്ളി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തനിക്കെതിരെ നടക്കുന്നത് വിദ്വേഷ, അപകീർത്തി പ്രചാരണം നടക്കുകയാണെന്ന് മമത ആരോപിച്ചു. ആർ.ജി കാർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാളിൽ പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്ക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
“വിദ്യാർഥികൾക്കോ അവരുടെ പ്രതിഷേധങ്ങൾക്കോ എതിരായി ഞാൻ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഞാൻ അവരുടെ നീക്കത്തെ പൂർണമായും പിന്തുണക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ ആത്മാർഥതയുള്ളതാണ്. ചിലയാളുകൾ ആരോപിക്കുന്നത് പോലെ ഞാനൊരിക്കലും അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഈ ആരോപണങ്ങൾ പൂർണമായും തെറ്റാണ്” – മമത ബാനർജി എക്സിൽ കുറിച്ചു.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്തിന്റെ ജനാധിപത്യത്തിനു ഭീഷണിയാകുന്ന, അരാജകത്വം സൃഷ്ടിക്കുന്ന ബിജെപിക്കെതിരെ താൻ സംസാരിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. കേന്ദ്രത്തിന്റെ പിന്തുണയോടെ നിയമലംഘന പ്രവർത്തനങ്ങൾ നടത്തുകയാണ് ബിജെപിയെന്നും മമത കുറ്റപ്പെടുത്തി.
അതിനിടെ, മമതാ ബാനർജിയുടെ വസതി തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഇവരുടെ ആഹ്വാനം. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ
ഉൾപ്പടെയുള്ളവരെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. “ഞങ്ങൾക്ക് നീതി വേണം’ എന്ന തലക്കെട്ടിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്.










