ഷാർജ : വയോജനങ്ങൾക്കും പ്രത്യേക പരിഗണന ആവശ്യമായവർക്കുമായി റോഡ് സുരക്ഷ ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ ഷാർജ പൊലിസ് ജനറൽ കമാൻഡ് ‘സ്ലോ ഡൗൺ’ എന്ന പുതിയ ട്രാഫിക് സുരക്ഷാ പദ്ധതി നടപ്പാക്കി. ഈ വർഷം ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി, മുതിർന്ന പൗരന്മാർ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ പിൻഭാഗത്ത് “സ്ലോ ഡൗൺ” എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കുന്നു.
ഇത് മറ്റ് ഡ്രൈവർമാർക്ക് കൂടുതൽ ശ്രദ്ധയും മുൻകരുതലും നൽകാൻ സഹായിക്കും. പദ്ധതിയിലൂടെ ഇതുവരെ 1,500ലധികം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചതായി അധികൃതർ അറിയിച്ചു. വാഹനയാത്രയിൽ കൂടുതൽ സുതാര്യതയും റോഡുകളിൽ സുരക്ഷയും ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളായി പൊലീസ് രേഖപ്പെടുത്തുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ട്രാഫിക് ബോധവത്കരണം ഊട്ടിയുറപ്പിക്കാൻ ഷാർജ പൊലീസ് സംഘടിപ്പിച്ച വിപുലമായ ക്യാമ്പെയിനിന്റെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കിയിരിക്കുന്നത്.