അബുദാബി : ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ് യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ. 22ാം സ്ഥാനത്തുനിന്ന് 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുഎഇ 17ാം സ്ഥാനത്തെത്തി.കാനഡ, യുഎസ്, ഫ്രാൻസ്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളെ പിന്നിലാക്കിയാണ് ഈ കുതിപ്പ്. ആഗോളതലത്തിൽ സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ലക്സംബർഗ് എന്നിവയാണ് പ്രതിഭകൾ കൂടുതലുള്ള രാജ്യങ്ങൾ.
ആഗോള പ്രതിഭകളെ ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 12–ാം സ്ഥാനത്തെത്തി.വരുമാന നികുതി ഇല്ലാത്തതും മികച്ച തൊഴിൽ അവസരങ്ങളുമാണ് പ്രഫഷനലുകളെ യുഎഇയിലേക്ക് ആകർഷിക്കുന്നത്.
2020 മുതൽ മികച്ച വളർച്ചാ നിരക്കാണ് രാജ്യത്തുള്ളത്. വേൾഡ് ടാലന്റ് റിപ്പോർട്ട് 2024 അനുസരിച്ച് അറബ് ലോകത്ത് യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി.
അടുത്ത ദശകത്തിൽ വിജ്ഞാനവും നൂതന ആശയവും അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയായി മാറാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യം.മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നതിനും വിദേശ നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കുന്നതിനും യുഎഇ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.പ്രതിഭകളെ ആകർഷിക്കുന്നതിൽ കുവൈത്ത് 31, സൗദി അറേബ്യ 32, ബഹ്റൈൻ 40, ഖത്തർ 42 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ സ്ഥാനങ്ങൾ.