മുംബൈ : നാഗ്പുർ വിമാനത്താവളത്തിന്റെ റൺവേയിൽ നായയെ കണ്ടെന്ന സംശയത്തെത്തുടർന്ന് വിമാനം മധ്യപ്രദേശിലെ ഭോപാലിലേക്കു തിരിച്ചുവിട്ടു. ചൊവ്വാഴ്ച മുംബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനം നാഗ്പുരിൽ ലാൻഡിങ്ങിനു ശ്രമിക്കവേയാണ് റൺവേയിൽ നായ ഉളളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എടിസി) റൂമിൽ അറിയിച്ചത്.അപകടം ഒഴിവാക്കാനായി വിമാനം തിരിച്ചുവിടുകയായിരുന്നു. എടിസി അധികൃതർ വിവരം നൽകിയതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ റൺവേ പരിശോധിച്ചെങ്കിലും നായയെയോ മറ്റു മൃഗങ്ങളെയോ കണ്ടെത്താനായില്ല. പിന്നീട് ഭോപാലിൽനിന്നു വിമാനം നാഗ്പുരിൽ തിരിച്ചെത്തി. യാത്രാപദ്ധതികൾ താളം തെറ്റിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു.
