റാസൽഖൈമ / റോം : വത്തിക്കാനിൽ നടന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ റാസൽഖൈമ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക പ്രതിനിധിയായി അദ്ദേഹം ചടങ്ങിൽ പങ്കാളിയായി.
ഇറ്റലിയിലെ തലസ്ഥാനമായ റോമിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള നിരവധി രാജ്യത്തലവന്മാരും നേതാക്കളും പങ്കെടുത്തു. സമാധാനവും സഹവർത്തിത്വവും സാംസ്കാരിക സംവാദവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ പുതിയ മാർപാപ്പയ്ക്ക് വിജയാശംസകൾ അറിയിച്ച ഷെയ്ഖ് സൗദ്, മാനുഷിക മൂല്യങ്ങൾക്ക് യുഎഇ നല്‍കുന്ന പ്രാധാന്യം ദൃഢമായി ആവർത്തിച്ചു.
2019-ൽ അബുദാബിയിൽ അൽ അസ്ഹർ ഗ്രാൻഡ് ഇമാം പ്രൊഫ. അഹമ്മദ് അൽ തായ്ബും ഫ്രാൻസിസ് മാർപാപ്പയും ഒപ്പുവച്ച മനുഷ്യ സാഹോദര്യ പ്രഖ്യാപനത്തിലൂടെ ആരംഭിച്ച അന്തർമത സൗഹാർദത്തിൻ്റെ പാതയിൽ യുഎഇ ഇപ്പോഴും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മാർപാപ്പയുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ സമാധാനവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കപ്പെടുമെന്ന് ഷെയ്ഖ് സൗദ് കൂട്ടിച്ചേർത്തു.