പ്രതിദിനം കോവിഡ് കേസുകളുടെ എണ്ണം കുറയുന്നില്ല, നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1475 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഗുരുതരമായ നിലയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2325 ആയി.
പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ഒരു മാസമായി ആയിരത്തില്‍ കവിഞ്ഞാണ് രേഖപ്പെടുത്തുന്നത്.
2022 ആദ്യ മാസങ്ങള്‍ക്കു ശേഷം കോവിഡ് കേസുകള്‍ പ്രതിദിനം നൂറില്‍ താഴെയെത്തിയിരുന്നു. പിന്നീട് ജൂണ്‍ ആദ്യവാരം വീണ്ടും ആയിരത്തിനു മേലെയെത്തി.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് ദുരന്തനിവാരണ സമിതി ആലോചിക്കുന്നതായും സൂചനകളുണ്ട്.
മുഖാവരണം ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പൊതുയിടങ്ങളില്‍ എത്താന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പൊതുയിടങ്ങളില്‍ പെരുമാറാന്‍ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.