ന്യൂഡൽഹി : യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു വിശദീകരണം ചോദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.സംസ്ഥാനങ്ങൾക്കിടയിൽ ശത്രുത പടർത്തുന്ന ഗുരുതര ആരോപണമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. വ്യാജ ആരോപണങ്ങൾ ഉയർത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കേജ്‌രിവാളിനെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിലക്കണമെന്നാവശ്യപ്പെട്ടു ബിജെപി പരാതി നൽകിയതിനെ തുടർന്നാണു കമ്മിഷന്റെ നടപടി.
‘‘ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമാണു ഡൽഹിക്കാർക്കു കുടിവെള്ളം ലഭിക്കുന്നത്. ഹരിയാന സർക്കാർ വെള്ളത്തിൽ വിഷം കലർത്തി ഡൽഹിയിലേക്ക് അയയ്ക്കുകയാണ്. ഡൽഹി ജലവകുപ്പിലെ എൻജിനീയർമാരുടെ ജാഗ്രത കൊണ്ടാണ് ഇതുകണ്ടെത്തി ജലവിതരണം നിർത്തിയത്’’– എന്നായിരുന്നു കേജ്‍രിവാളിന്റെ പ്രസ്താവന.
