ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് ബ്രിട്ടീഷ് മാധ്യമം “ദ ഗാര്‍ഡിയനി”ല്‍ എഴുതിയ ലേഖനം പിആര്‍ വര്‍ക്കായിരുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗാര്‍ഡിയനിലെ മാധ്യമപ്രവര്‍ത്തക ലോറ സ്‌പിന്നി. ഈ സംഭവം രാഷ്ട്രീയവത്കരിക്കണമോ എന്ന് മുല്ലപ്പള്ളിയുടെ മാത്രം തീരുമാനമാണ്. ഞാന്‍ റോക്ക്‌സ്റ്റാര്‍ എന്ന എഴുതിയത് എന്റെ അഭിപ്രായമായിട്ടല്ല. കേരളത്തിലെ ജനങ്ങള്‍ മന്ത്രിക്ക് കൊടുക്കുന്ന വിശേഷണം ആയിട്ടാണ്. ശൈലജ ടീച്ചര്‍ കേരളത്തിലെ ഒരു ചിത്രത്തില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിപായെ കുറിച്ചുള്ള ചിത്രം വൈറസിനെ ചൂണ്ടിക്കാണിച്ചായിരുന്നു സ്‌പിന്നി മറുപടി നല്‍കിയത്.
ഒരു ട്വീറ്റിന് മറുപടിയായിട്ടാണ് ലോറ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. മെയ് 14നാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനില്‍ കേരളത്തിലെ ആരോഗ്യ മന്ത്രിയെ കുറിച്ച് ലേഖനം വന്നത്. ഹൗ കേരളാസ് റോക്ക് സ്റ്റാര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ഹെല്‍പ്പ്ഡ് സേവ് ഇറ്റ് ഫ്രം കോവിഡ് 19 എന്ന തലക്കെട്ടിലായിരുന്നു ലേഖനം വന്നത്. ഈ ലേഖനത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് റോക്ക് ഡാന്‍സര്‍ എന്ന ബ്രിട്ടീഷ് മാധ്യമം വിശേഷിപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ റോക്ക് സ്റ്റാര്‍ എന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. അതേസമയം റോക്ക്‌സ്റ്റാര്‍ എന്നത് സ്വന്തം മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി അഭിനന്ദമേറ്റു വാങ്ങുന്നവരെ വിശേഷിപ്പിക്കുന്ന പദവമാണ്.
ട്വിറ്റര്‍ യൂസറായ രശ്‌മിയാണ് മുല്ലപ്പള്ളിയുടെ ആരോപണം ലോറയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നേരത്തെ വാഷിംഗ്‌ടണ്‍ പോസ്റ്റ്, ബിബിസി എന്നിവയുടെ വാര്‍ത്തയിലും ശൈലജ ടീച്ചർ ഇടംപിടിച്ചിരുന്നു. കേരളത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അവര്‍ ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്നത്. അതേസമയം ലോറയുടെ മറുപടിയില്‍ നിരവധി മലയാളികള്‍ നന്ദി അറിയിച്ചിട്ടുണ്ട്. ട്വിറ്ററില്‍ മുല്ലപ്പള്ളി ഷുഡ് അപോളജൈസ് എന്ന ഹാഷ്‌ടാഗും സജീവമായിട്ടുണ്ട്.