മലപ്പുറം: മലപ്പുറത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ് നിലമ്പൂരിൽ. മലപ്പുറത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണ് നിലമ്പൂരിൽ ഉയരുന്നത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാവുന്ന ലോകോത്തര നിലവാരത്തിലുള്ള പദ്ധതിയുടെ നിർമാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
കോഴിക്കോട്, തൃശൂർ ഹൈലൈറ്റ് മാളുകൾ, ഹൈലൈറ്റ് കൺട്രിസൈഡ് ചെമ്മാട്, ഹൈലൈറ്റ് സെന്റർ മണ്ണാർക്കാട്, ഹൈലൈറ്റ് ബൊലെവാഡ് കൊച്ചി തുടങ്ങിയ പദ്ധതികൾക്ക് ശേഷം നടപ്പാക്കുന്ന ഏഴാമത്തെ റീട്ടെയിൽ സംരംഭമാണ് ഹൈലൈറ്റ് സെന്റർ നിലമ്പൂർ. 8.65 ഏക്കറിലാണ് പദ്ധതി. 7.15 ലക്ഷം ചതുരശ്ര അടി വലുപ്പത്തിലുള്ള ഹൈലൈറ്റ് സെൻററിൽ 45,000 ചതുരശ്രയടിയിൽ ഹൈപ്പർ മാർക്കറ്റ്, അഞ്ച് സ്ക്രീനുകളുമായി പലാക്‌സി സിനിമാസ്, 30,000 ചതുരശ്രയടിയിൽ വിശാലമായ എൻ്റർടെയ്ൻമെൻ്റ് സോൺ, 1,500 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ തുടങ്ങിയവയാണ് പ്രത്യേകതകൾ. 850ഓളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുങ്ങുന്നുണ്ട്.
ഹൈലൈറ്റ് ഗ്രൂപ് സംസ്ഥാനത്തുടനീളം ഷോപ്പിങ് മാളുകളും മൾട്ടി-പ്ലക്‌സുകളും സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ‘എപിക്’ ഫോർമാറ്റിൽ ദൃശ്യവിസ്മയങ്ങളുമായി ഗ്രൂപ്പിന്റെപലാക്സി സിനിമാസ് മൾട്ടിപ്ലെക്‌സ് തിയറ്ററും ഈ മാളുകളുടെ പ്രധാന സവിശേഷതയാകും.
സാമൂഹിക സാമ്പത്തിക വളർച്ചക്ക് പുറമെ ഗ്ലോബൽ-ഇന്ത്യൻ ലൈഫ് സ്റ്റൈൽ ബ്രാൻഡുകൾ നിലമ്പൂരിന്റെ ഭാഗമാകും. ഊട്ടി, മൈസൂർ, ബംഗളൂരു എന്നിവിടങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന മൊബിലിറ്റി ഹബ്ബാണ് നിലമ്പൂർ എന്നത് ഹൈലൈറ്റ് സെൻ്ററിൻ്റെ സാധ്യതകൾ വർധിപ്പിക്കുന്നുവെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.
തൃശൂരിലും ഹൈലൈറ്റ് മാൾ ഉടൻ പ്രവർത്തനം ആരംഭിക്കും. തൃശൂർ ജില്ലയിലെ ഏറ്റവും വലിയ മാളാകും ഹൈലൈറ്റിന്റേത്. തൃശൂരിലെ പ്രധാന വാണിജ്യ നഗരമായ കുട്ടനെല്ലൂരിൽ എൻ.എച്ച് 47നും, എസ്.എച്ച് 22നും ഇടയിലാണ് ഹൈലൈറ്റ് മാൾ. കൂടാതെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ ‘ഹൈലൈറ്റ് ബൊലെവാഡ്’ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഐലൻഡിൽ ഹൈലൈറ്റിന്റെ വാട്ടർഫ്രണ്ട് ഷോപ്പിങ് സോൺ ഒരുങ്ങുന്നത്.