ബഹ്‌റൈൻ : ബഹ്‌റൈനിലെ മുൻ നയതന്ത്രജ്ഞനും മുതിർന്ന ഡിപ്ലോമാറ്റുമായ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് (93) അന്തരിച്ചു. രാജ്യത്തിന്റെ നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് ബഹ്‌റൈൻ ആദരാഞ്ജലി അർപ്പിച്ചു .
1932-ൽ മനാമയിൽ ജനിച്ച അൽ സബ്ബാഗ്, അൽ ജാഫരിയ്യ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1957-ൽ കെയ്‌റോ സർവകലാശാലയിൽ നിന്ന് ഓഡിറ്റിങ്ങിൽ ബിരുദം നേടി. അധ്യാപനം, ബാങ്കിങ്, വാണിജ്യം എന്നിവയിൽ പ്രൊഫഷണൽ ജീവിതം ആരംഭിച്ച അദ്ദേഹം, 1972-ൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിൽ ഫസ്റ്റ് സെക്രട്ടറി ആയി ചേരുകയും, സാമ്പത്തികകാര്യ ഡയറക്ടറേറ്റ് സ്ഥാപിക്കുകയും ചെയ്തു .
1975-ൽ ഇറാഖിലേക്കുള്ള ബഹ്‌റൈന്റെ ആദ്യത്തെ അംബാസഡർ ആയി നിയമിതനായതോടെ അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചു. തുടർന്ന് ഫ്രാൻസ്, സ്പെയിൻ, യു.കെ, ഇറാൻ എന്നിവിടങ്ങളിലെ അംബാസിഡറായി സേവനം അനുഷ്ഠിച്ചു. 1999-ൽ ഇറാനിലെ സേവനത്തിന് ശേഷം, 2001-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു .
വാണിജ്യ വിദ്യാഭ്യാസം ബഹ്‌റൈനിൽ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, കുവൈത്ത് സായുധ സേനയ്ക്കായി പുതിയ അക്കൗണ്ടിങ് സംവിധാനം വികസിപ്പിക്കുകയും, ഫിനാൻഷ്യൽ ഓവർസൈറ്റ് ആൻഡ് ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കുകയും അതിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.
അൽ സബ്ബാഗിന്റെ വിയോഗത്തിൽ രാജ്യം ദുഃഖം രേഖപ്പെടുത്തി .