ഫുജൈറ: ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറ ഭരണാധികാരിയായി അധികാരമേറ്റതിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സെവന് എക്സ് (മുൻ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്), ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫിസുമായി സഹകരിച്ചാണ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്. സുപ്രീം കൗൺസിൽ അംഗമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറയുടെ അധികാരത്തിൽ അമ്പത് വർഷം പൂർത്തിയാക്കി എന്നത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് സെവൻ എക്സ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ അശ്റം പറഞ്ഞു.
ഈ കാലഘട്ടത്തില്‍ യു.എ.ഇ.യുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഫുജൈറ എമിറേറ്റിന് കൂടുതൽ വികസനവും സമൃദ്ധിയും നേടാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫുജൈറ എമിറേറ്റിന്റെ ലാൻഡ്മാർക്കുകൾക്ക് മുന്നിൽ ഫുജൈറ ഭരണാധികാരിയുടെ പഴയതും പുതിയതുമായ ചിത്രം സ്റ്റാമ്പില്‍ രൂപകൽപന ചെയ്തിട്ടുണ്ട്. കഴിഞ്ഞ അമ്പത് വർഷത്തെ ശൈഖ് ഹമദിന്റെ നേട്ടങ്ങളും സമൃദ്ധിയും നാഗരികതയും സ്റ്റാമ്പില്‍ പ്രതിഫലിക്കുന്നു.