മനാമ : നാസർ ബിൻ ഹമദ് ഫാൽക്കൺറി ആൻഡ് ഹണ്ടിങ് സീസണിന്‍റെ പത്താം പതിപ്പിന്‍റെ ഭാഗമായി ഫാൽക്കൺറി ആൻഡ് ഹണ്ടിങ് മത്സരം സംഘടിപ്പിച്ചു. സഖീറിലെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡുറൻസ് വില്ലേജിൽ നടന്ന മത്സരത്തിൽ എൺപത് ഫാൽക്കണുകളെയാണ് പരീക്ഷിച്ചത്. ഓരോ റൗണ്ടിലും 10 ഫാൽക്കണുകൾ വീതം എട്ട് റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. ജുവനൈൽ വിഭാഗത്തിൽ ഫാൽക്കണർ ഖാലിദ് അലി അൽ നുഐമിയുടെ ഷഹീൻ ഫാൽക്കൺസ് വിജയിച്ചു.ഫാൽക്കണർ സൽമാൻ അൽ ബലൂഷിയുടെ നേതൃത്വത്തിലുള്ള ബിഎച്ച്ആർ ടീം ഗിർ ഷഹീൻ ഹീറ്റിൽ കിരീടം സ്വന്തമാക്കി. ഒന്നിലധികം ഒന്നാം സ്ഥാനങ്ങൾ നേടിയാണ് ബിഎച്ച്ആർ ടീം മുന്നേറിയത്. ഓട്ടമത്സരത്തിൽ മുഹമ്മദ് അൽ ഹജ്‌രി വിജയിച്ചു. ഹുർ ഫാൽക്കൺസ് ഹീറ്റിൽ അൽ വാദി ടീം മികച്ചുനിന്നപ്പോൾ, ഗൈർ മിക്സ് ഹീറ്റിൽ ഫാൽക്കണർ അഹമ്മദ് അൽ ഹജ്‌രി വിജയിച്ചു. മുതിർന്നവരുടെ വിഭാഗത്തിലും ബിഎച്ച്ആർ ടീം തിളങ്ങി. ഇത്തവണ ഗൈർ ഷഹീൻ ഹീറ്റിലും ഹർ ഫാൽക്കൺസ് ഹീറ്റിലും ഒന്നാം സ്ഥാനങ്ങൾ നേടി. ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട കായിക സാംസ്കാരിക പരിപാടികളിൽ ഒന്നാണ് ഈ സീസൺ.
നിലവിലെ പതിപ്പിൽ ഒട്ടക ഓട്ടം, മാവ്റൂത്ത് സ്കൂൾ, മാവ്റൂത്ത് ചലഞ്ച് മത്സരം തുടങ്ങിയ മറ്റ് ഇനങ്ങളും ഉണ്ടായിരുന്നു. രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ ജിസിസിയിൽ നിന്നുള്ള 150 ലധികം ഫാൽക്കണർമാർ ബഹ്‌റൈൻ ഇന്‍റർനാഷണൽ എൻഡുറൻസ് വില്ലേജിലേക്ക് എത്തിയിരുന്നു. പരമ്പരാഗത കായിക വിനോദങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
