ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ പുതിയ ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വീസകള്‍ നിര്‍ത്തിവെയ്ക്കും
കുവൈത്ത് സിറ്റി : പുതിയ വീസ സംവിധാനം നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ഫാമിലി വീസിറ്റ് വീസ, ടൂറിസ്റ്റ് വീസകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ ജനറല്‍ ഷെയ്ഖ് അഹമദ് അല്‍ നവാഫാണ് ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നത്.
താമസ വീസ വകുപ്പില്‍ പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന സേവനം ഒരു മാസം മുമ്പാണ് പുനരാരംഭിച്ചത്. പൗരത്വം, ശമ്പളം, സുരക്ഷാപരിശോധന എന്നിവയ്ക്കു ശേഷം മാത്രമാണ് പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫാമിലി വീസിറ്റ് വീസ അനുവദിച്ചിരുന്നത്. കോവിഡിന് ശേഷം വീസിറ്റ് വീസ വീണ്ടും നല്‍കി തുടങ്ങിയപ്പോഴും ഈ മാനദണ്ഡങ്ങളില്‍ മാറ്റം ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
പ്രവാസികള്‍ തങ്ങളുടെ കുടുംബാഗംങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് ഏറെ ആശ്രയിക്കുന്ന വീസയാണ് ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വീസകള്‍. ഉടനെ തന്നെ ഇത് വീണ്ടും നല്‍കിത്തുടങ്ങുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.