ഈസ്റ്റര്‍ ആഘോഷവേളയില്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ
ഗാനസമര്‍പ്പണം
അബുദാബി : പ്രത്യാശയുടെ പെരുന്നാളിന് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ഗാന സമര്‍പ്പണം. ഉത്ഥാനം എന്ന സംഗീത ആല്‍ബത്തിലെ രാജാവേ, ലോകാധിനാഥ എന്ന ഗാനമാണ് ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ സമര്‍പ്പണമായി പുറത്തിറങ്ങിയത്.
അബുദാബിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ
ചിപ്പി സൂസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിപ്പിയുടെ ഭര്‍ത്താവ് കെവിന്‍ അലക്‌സിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ മനോഹര വര്‍മ്മയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയത്. മറ്റൊരു സുഹൃത്തായ മഹാദേവ അയ്യര്‍ സംഗീതം ഒരുക്കി. അബുദാബിയില്‍ എബിബിയില്‍ ഉദ്യോഗസ്ഥനാണ് മഹാദേവ അയ്യര്‍. വൈക്കം സ്വദേശികളാണ് ഇരുവരും.
അബുദാബി മുസഫയിലെ പ്രണവം ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്റ്റുഡിയോയില്‍ ഒരുങ്ങിയ ഗാനത്തിന് പോള്‍ വര്‍ക്കി പശ്ചാത്തല സംഗീതമൊരുക്കി .
പള്ളിയിലെ ക്വയര്‍ ഗ്രൂപ്പില്‍ അംഗമായ ചിപ്പിയുടെ ആദ്യ സോളോ ഗാനമാണ് ഉത്ഥാനത്തിലെ രാജാവേ, ലോകാധിനാഥ എന്ന ഭക്തിസാന്ദ്രമായ ഗാനം.
ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കവര്‍ വേര്‍ഷനുകള്‍ പാടി ഫാമിലി ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കാറുള്ള ചിപ്പിയെ ഭര്‍ത്താവ് കെവിനാണ് സംഗീത ആല്‍ബത്തില്‍ പാടാന്‍ പ്രേരിപ്പിച്ചത്.
മുമ്പ് തീര്‍ത്ഥ സൗപര്‍ണിക, മനസ്സില്‍ ഒരു മിഥുനമഴ, തത്വമസി തുടങ്ങിയ സംഗീത ആല്‍ബങ്ങളില്‍ ഒരുമിച്ചിട്ടുള്ള മനോഹര വര്‍മ-മഹാദേവ അയ്യര്‍ കൂട്ടുകെട്ടാണ് ഈസ്റ്റര്‍ ആല്‍ബത്തിനു വേണ്ടിയും ഒരുമിച്ചത്. 3എം സ്റ്റുഡിയോസിന്റെ ബാനറില്‍ ബെന്‍ മ്യൂസിക്‌സ് ആണ് ആല്‍ബം പുറത്തിറക്കിയത്.
വേറിട്ട വരികളും ഈണവും ഈ ഗാനത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. മധുരമായ ആലാപനത്തിലൂടെ ചിപ്പി എന്ന ഗായികയുടെ രംഗപ്രവേശനവുമായി മാറി ഉത്ഥാനം എന്ന ഭക്തിഗാന ആല്‍ബം.