കുവൈത്ത്‌സിറ്റി : പ്രമുഖ കമ്പനികളുടെ പേരില്‍ ഇറക്കിയ 15,000 ഉൽപന്നങ്ങളാണ് അല്‍ സിദ്ദിഖി പ്രദേശത്തുനിന്ന് മാത്രം പിടികൂടിയത്. സ്ത്രീകളുടെ ബാഗുകള്‍ ചെരുപ്പുകള്‍ തുടങ്ങിയവയാണ് ത്രി-കക്ഷി എമര്‍ജന്‍സി ടീം അന്വേഷണത്തില്‍ കണ്ടെത്തിയത്.വാണിജ്യ-വ്യവസായം, ആഭ്യന്തരം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ എന്നിവരുടെ സംയുക്ത പരിശോധന സംഘമാണ് ത്രി-കക്ഷി എമര്‍ജന്‍സി ടീം. അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ നല്‍കി വില്‍പന നടത്തിവന്നതാണ് പിടിച്ചെടുത്തത്.സ്വദേശികള്‍ മാത്രം താമസിക്കുന്ന എരിയായാണ് അല്‍ സിദ്ദിഖി പ്രദേശം.
ജാബ്രിയാ ഏരിയായില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചതായി കൊമേഷ്യല്‍ കണ്ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫൈസല്‍ അന്‍സാരി അറിയിച്ചു. ഓഫര്‍ പരസ്യങ്ങള്‍ നല്‍കി സ്വദേശികളെയും വിദേശികളെയും കബളിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ജാബ്രിയായില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ മുതൈരി വ്യക്തമാക്കി. ഫര്‍വാനിയ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സ്ത്രീകളുടെ ബാഗുകള്‍ ചെരുപ്പുകള്‍ തുടങ്ങിയ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തി.
വിശേഷ ദിവസങ്ങള്‍ മുന്നില്‍ കണ്ട് ഓഫറുകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പരസ്യപ്പെടുത്തിയാണ് വ്യാജന്‍ വിറ്റഴിച്ചിരുന്നത്. ‘എക്‌സ്‌ചേഞ്ച്’, ‘റിട്ടേണ്‍ പോളിസി’ എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രദര്‍ശിപ്പിക്കാത്ത ലംഘനകള്‍ക്കും നടപടി സ്വീകരിച്ചിട്ടുണ്ട്. പിടികൂടിയ ഉല്‍പ്പന്നങ്ങളും സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. കടയുടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു.