ദുബൈ: യു.എ.ഇ സർക്കാറിന്റെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി വിസ നിയമവിധേയമാക്കിയവർക്ക് തൊഴിൽ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് പ്രമുഖ ഫുഡ് പാക്കേജിങ് നിർമാതാക്കളായ ഹോട്പാക് ഗ്ലോബൽ. ഹോട്ട്പാക്കിൽ ജോലിക്കായി അപേക്ഷിച്ച 100 പേരിൽ നിന്ന് 15 പേർ നിയമനം നേടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. പാകിസ്താൻ സ്വദേശികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. യു.എ.ഇയുടെ മാനുഷികത പ്രതിഫലിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഹോട്പാക്ക് ഗ്ലോബൽ ചെയർമാനും ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുൽ ജബ്ബാർ പ്രതികരിച്ചു.
അൽ അവീറിൽ ജി.ഡി.ആർ.എഫ്.എ ആരംഭിച്ച പൊതുമാപ്പ് കേന്ദ്രത്തിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് തൊഴിൽ വിസ ലഭ്യമാക്കുന്നതിനായി ഹോട്ട്പാക് ഹെൽപ് ഡെസ്ക് തുറന്നിരുന്നു. ഈ ഹെൽപ് ഡെസ്കിനെ സമീപിച്ചവരിൽ നിന്നാണ് തൊഴിൽ അന്വേഷകരെ കണ്ടെത്തിയത്. പൊതുമാപ്പ് നേടിയവരിൽ 200 പേർക്ക് തൊഴിൽ നൽകാനാണ് ഹോട്പാക്ക് ഗ്ലോബൽ ഉദ്ദേശിക്കുന്നത്. ഇതിനായി നൂറു പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
വിവിധ കഴിവുകളുള്ളവരെയും വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ളവരെയും ഉൾക്കൊള്ളുന്ന തരത്തിലാണ് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നത്. ഹോട്ട്പാക്കിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സി.എസ്.ആർ) ഭാഗമായുള്ള പദ്ധതിയാണിത്. സ്വന്തം ജീവനക്കാർക്കായി ഒരുക്കിയ ‘ഹോട്പാക്ക് ഹാപ്പിനസ്’ പദ്ധതിയെ പോലെയുള്ള മറ്റൊരു പദ്ധതിയാണിത്. 50 ലക്ഷം ദിർഹമിന്റെ ക്ഷേമനിധി രൂപവത്കരിച്ചതടക്കം ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ ഹോട്പാക്ക് ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്, കുടുംബങ്ങൾക്കുള്ള ആരോഗ്യ പരിരക്ഷ, മേക്ക് എ വിഷ് പ്രോഗ്രാം തുടങ്ങിയവക്കാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്.
