വാഷിങ്ടൻ : പരിസ്ഥിതി സൗഹൃദമായ പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകൾക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവിൽ താൻ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നും പേപ്പർ സ്‌ട്രോകൾക്കായുള്ള ബൈഡൻ സർക്കാരിന്റെത് നയം പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘‘യുഎസ് പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരും. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ അടുത്ത ആഴ്ച ഒപ്പുവയ്ക്കും. പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ.’’ – ട്രംപ് എക്സിൽ കുറിച്ചു. പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിൽനിന്ന് അധികാരമേറ്റതിന് തൊട്ടുപിന്നാലെ യുഎസ് പിന്മാറിയിരുന്നു. ഇതിനു പുറമെയാണ് പ്ലാസ്റ്റിക്കിലേക്ക് തിരികെ പോകണമെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടി വന്നിരിക്കുന്നത്.
‘ലിബറൽ പേപ്പർ സ്‌ട്രോകൾ പ്രവർത്തിക്കില്ല’ എന്ന മുദ്രാവാക്യം ആലേഖനം ചെയ്‌ത ബ്രാൻഡഡ് പ്ലാസ്റ്റിക് സ്‌ട്രോകളും മറ്റും തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ പ്രചാരണ സംഘം പുറത്തിറക്കിയിരുന്നു.
