അബുദാബി : ഭിന്നശേഷി ((നിശ്ചയദാർഢ്യമുള്ളവർ) വിദ്യാർഥികളുടെ പ്രവേശന അപേക്ഷ നിരസിക്കരുതെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകൾക്ക് കർശന നിർദേശം നൽകി. അപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അഡെക് ആണ്. എല്ലാ അപേക്ഷകളും സ്വീകരിക്കണം. പ്രത്യേക ആവശ്യങ്ങളോ പഠന വൈകല്യങ്ങളോ ഉള്ള വിദ്യാർഥികളുടെ അപേക്ഷ പൂർണമായും നിരസിക്കാൻ സ്കൂളുകൾക്ക് കഴിയില്ലെന്ന് അഡെക് പുതിയ നയത്തിൽ വ്യക്തമാക്കി.അപേക്ഷ നിരസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സ്കൂളുകൾ പിഴ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിദ്യാഭ്യാസ നയ ഓഫിസ് ഡയറക്ടർ സിൽവി വാൾഡ് പറഞ്ഞു. ഇത്തരം കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നത് കാര്യകാരണ സഹിതം അഡെക്കിനെ അറിയിക്കണം. ഈ റിപ്പോർട്ട് അഡെക്കിലെ വിദഗ്ധർ അവലോകനം ചെയ്യും.
വിദ്യാർഥിയെ പിന്തുണയ്ക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ സ്കൂളിന്റെ തീരുമാനം റദ്ദാക്കി കുട്ടിക്ക് ഇതേ സ്കൂളിൽ പ്രവേശനം നൽകാൻ നിർദേശിക്കും. ഇത്തരം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാൻ പ്രയാസം നേരിടുന്നവർ വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ ഉപഭോക്തൃ കേന്ദ്രത്തെ സമീപിക്കണമെന്നും സഹായം നൽകാൻ സജ്ജമാണെന്നും പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ നിലവാരം ഉൾക്കൊണ്ട് അവരെ പഠിപ്പിക്കാൻ അതത് സ്കൂളുകൾ തയാറാകണം. ഇത്തരം കുട്ടികൾക്കായി സപ്പോർട്ട് സ്റ്റാഫിന് പകരം പൂർണ യോഗ്യതയുള്ള അധ്യാപകരെ ഉൾപ്പെടുത്തണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കി. പ്രസ്തുത അധ്യാപകർക്ക് കുട്ടിയോടൊപ്പം ക്ലാസിൽ ഇരുന്ന് ആവശ്യമായ സഹായം നൽകാം. അല്ലെങ്കിൽ വ്യക്തിഗത പരിശീലനത്തിന് അധ്യാപകരുമായി സഹകരിച്ച് പ്രവർത്തിക്കാം.
മൊത്തം പ്രവൃത്തി ദിവസത്തിന്റെ പകുതി ദിവസമെങ്കിലും സ്കൂളിൽ ഹാജരാകേണ്ട കുട്ടിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സപ്പോർട്ട് സ്റ്റാഫിനെ (എൽഎസ്എ) നിയമിക്കാൻ അനുവാദമുള്ളൂ. കാഴ്ച പരിമിതി ഉൾപ്പെടെ പഠനത്തിന് നിർദിഷ്ട ഉപകരണങ്ങൾ ആവശ്യമുള്ള വിദ്യാർഥികളുണ്ടെങ്കിൽ സാങ്കേതിക സഹായത്തിന് സ്കൂളുകൾക്ക് അഡെക് വഴി അപേക്ഷിക്കാം. പുതിയ നിയന്ത്രണങ്ങൾ പാലിക്കാൻ സ്കൂളുകൾക്ക് 2026 സെപ്റ്റംബർ വരെ സാവകാശമുണ്ട്.
