ഡൽഹി : ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള സാധ്യത മങ്ങി. ഫലത്തിൽ ബാങ്ക് വായ്പയുടെ പലിശനിരക്കും തിരിച്ചടവ് ബാധ്യതയും (ഇഎംഐ) നിലവിലെ ഉയർന്ന നിരക്കിൽത്തന്നെ തുടരും. റീട്ടെയിൽ പണപ്പെരുപ്പം (CPI Inflation/Retail Inflation) 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എങ്കിലും 2 ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത് 6 ശതമാനം കവിയുന്നത്. ജൂലൈയിൽ 3.60%, ഓഗസ്റ്റിൽ 3.65%, സെപ്റ്റംബറിൽ 5.49% എന്നിങ്ങനെയായിരുന്നു. 2023 ഒക്ടോബറിൽ 4.87 ശതമാനവും.
ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 5.87ൽ നിന്ന് കഴിഞ്ഞമാസം 6.68 ശതമാനത്തിലെത്തിയെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. ഗ്രാമങ്ങളിലാണ് പണപ്പെരുപ്പം കൂടുതൽ. നഗരമേഖലകളിലെ പണപ്പെരുപ്പം 5.05 ശതമാനത്തിൽ നിന്നുയർന്ന് 5.62 ശതമാനമായി.
വലച്ചത് ഭക്ഷ്യവിലപ്പെരുപ്പം
ഭക്ഷ്യവിലപ്പെരുപ്പം അഥവാ ഫുഡ് പ്രൈസ് ഇൻഫ്ലേഷൻ (CFPI) നിയന്ത്രണാതീതമായി കുതിക്കുന്നതാണ് വൻ തിരിച്ചടി. ഉള്ളി, തക്കാളി എന്നിവയുടെ വില രാജ്യത്തു പലയിടത്തും ഇരട്ടിയിലേറെയാണ് കൂടിയത്. ജൂലൈയിൽ 5.42%, ഓഗസ്റ്റിൽ 5.66%, സെപ്റ്റംബറിൽ 9.24% എന്നിങ്ങനെയായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞമാസം ഇരച്ചുകയറിയത് 10.87 ശതമാനത്തിലേക്ക്. പയർവർഗങ്ങൾ, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വില കുറഞ്ഞെങ്കിലും പച്ചക്കറിവില കൂടിയത് വൻ തിരിച്ചടിയായി. കഴിഞ്ഞമാസം വൈദ്യുതി, ഭവനവില പണപ്പെരുപ്പവും കൂടിയിട്ടുണ്ട്.
കേരളത്തിലും വിലക്കയറ്റം രൂക്ഷം
കേരളത്തിലും വിലക്കയറ്റം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ. സെപ്റ്റംബറിൽ 5.52 ശതമാനമായിരുന്ന കേരളത്തിന്റെ റീട്ടെയിൽ പണപ്പെരുപ്പം കഴിഞ്ഞമാസം ദേശീയ ശരാശരിയെയും കടത്തിവെട്ടി 6.47 ശതമാനത്തിലെത്തി. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 5.92ൽ നിന്ന് 6.98 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.81ൽ നിന്ന് 5.37 ശതമാനത്തിലേക്കും കുതിച്ചുകയറി. ഛത്തീസ്ഗഡ് ആണ് പണപ്പെരുപ്പനിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനം –8.84%. ബിഹാർ (7.83%), ഒഡീഷ (7.51%), ഉത്തർപ്രദേശ് (7.36%), മധ്യപ്രദേശ് (7.03%), ഹരിയാന (6.76%) എന്നിവയാണ് കേരളത്തിനു മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. ദക്ഷിണേന്ത്യയിൽ പണപ്പെരുപ്പനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്. 6.32% രേഖപ്പെടുത്തിയ തമിഴ്നാടാണ് തൊട്ടടുത്ത്. ആന്ധ്രയിൽ 6.17%, കർണാടകയിൽ 5.91%, തെലങ്കാനയിൽ 5.50% എന്നിങ്ങനെയാണ് നിരക്ക്.
പലിശ കുറയാൻ കാത്തിരിപ്പു നീളും
പ്രധാനമായും റീട്ടെയിൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കുന്നത്. പണപ്പെരുപ്പം ഉയർന്ന തലത്തിൽ തുടർന്നതിനാൽ 2023 ഫെബ്രുവരി മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ വരെ നടന്ന യോഗങ്ങളിലൊന്നും പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെയായിരുന്നെങ്കിലും എംപിസി പലിശ കുറച്ചില്ല. ഭക്ഷ്യവിലപ്പെരുപ്പം 5 ശതമാനത്തിന് മുകളിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിലവിൽ ഭക്ഷ്യവിലപ്പെരുപ്പം 11 ശതമാനത്തിനടുത്ത് എത്തിയെന്നിരിക്കെ, അടുത്തയോഗത്തിലും എംപിസി പലിശയിൽ തൊടാനിടയില്ല. ഡിസംബറിലാണ് അടുത്ത യോഗം. വരുംമാസങ്ങളിലെ പണപ്പെരുപ്പ, ഭക്ഷ്യവിലപ്പെരുപ്പ കണക്കുകൾ കൂടി വിലയിരുത്തി ഫെബ്രുവരിയിലെ യോഗത്തിലേ എംപിസി പലിശനിരക്കുകൾക്കു മാറ്റംവരുത്താനിടയുള്ളൂ.