ഇടുക്കി : പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡൊഴിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വീട്ടിൽ വച്ചായിരുന്നു ആക്രമം.
ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ശ്രീജയെയാണ് ഭർത്താവ് പൊട്ടനാനിക്കൽ അനിൽ അക്രമിച്ചത്. മുരിക്കാശേരി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ ശ്രീജയെ ഭർത്താവാണ് ഓഫീസിൽ വാഹനത്തിൽ എത്തിച്ചത്. തിരികെ ഒരുമിച്ച് പോകാനും തീരുമാനിച്ചിരുന്നു. ഭർത്താവിനെ വിളിക്കാതെ ശ്രീജ വീട്ടിലേക്ക് പോയി. ഇതിൽ പ്രകോപിതനായ അനിൽ ഉച്ചക്കുശേഷം വീട്ടിലെത്തി ശ്രീജയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷമാണ് വിദഗ്ദചികിത്സക്ക് കൊച്ചിയിലേക്ക് ശ്രീജയെ മാറ്റിയത്.
