
കൊച്ചി: കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി കൊച്ചിയിൽ നടന്നുവരുന്ന ആഗോള നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോഗതിക്ക് ശക്തി പകരുമെന്നും ഓരോ വാഗ്ദാനവും കേരളത്തിന് അങ്ങേയറ്റം സഹായകരമാണെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേരളത്തിൽ ലോകശ്രദ്ധ ആകർഷിക്കുന്ന അന്തരീക്ഷമാണ് ഉയർന്നുവന്നിട്ടുള്ളത്. കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകത. കേരളത്തിലെ ജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം.

നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണം. ഇതിനൊക്കെ സഹായകരമായ രീതിയിലാണ് കേരള സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്.വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവന്ന ഗൃഹപാഠമാണ് ആഗോള സംഗമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഉച്ചകോടിയിലൂടെ എത്ര കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ വരാന്‍ പോകുന്നെന്ന് മന്ത്രി പി രാജീവ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
