കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ്ജ നിലയം കണ്ണൂർ ജില്ലയിൽ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ കമ്മിഷൻ ചെയ്തു. മൂന്നു മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയത്തിലെ വൈദ്യുതി അക്കാദമിയുടെ ആവശ്യത്തിന് ശേഷം സംസ്ഥാന വൈദ്യുതി ബോർഡിന് നൽകും.
ദക്ഷിണ നാവിക കമാൻഡിലെ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള വെർച്വൽ കോൺഫറൻസിംഗിലൂടെ പദ്ധതി കമ്മീഷൻ ചെയ്തു. 2022 ഓടെ 100 ജിഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ദേശീയ സൗരോർജ്ജ ദൗത്യത്തിന്റെ ഭാഗമാണ് ഏഴിമലയിലെ പദ്ധതി.
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിയാണിത്. 25 വർഷം പ്രവർത്തിക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന പദ്ധതിയിൽ കാര്യക്ഷമതയുള്ള 9180 മോണോക്രിസ്റ്റലിൻ സൗരോർജ്ജ പാനലുകൾ ഉൾപ്പെടെ എല്ലാ ഘടകങ്ങളും തദ്ദേശീയമായാണ് നിർമ്മിച്ചത്. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) ആണ് പദ്ധതി നടപ്പാക്കിയത്.
അന്തരീക്ഷണത്തിൽ കാർബൺ കുറയ്ക്കുന്നതിന് പുതിയ സൗരോർജ്ജ പദ്ധതി ഏഴിമല നാവിക അക്കാദമിയെ സഹായിക്കും. ഉൽപാദിപ്പിക്കുന്ന മിച്ച വൈദ്യുതി കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ഗ്രിഡിലേക്ക് നൽകും.











