കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന “അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സിനിമാ പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷം, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇതു കഴിഞ്ഞ് രണ്ടാം ദിവസം സിദ്ദിഖിന് ജനറൽ സെക്രട്ടറി പദവി രാജി വയ്ക്കേണ്ടി വന്നു. ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോൾ ജനറൽ സെക്രട്ടറിയുടെ ചുമതല. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുൻപാകെയുണ്ട്. സംഘടനയുടെ ദൈനംദിന കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്.