ദുരന്തമുണ്ടായാലുടൻ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന സർക്കാർ കാറ്റും കോളുമടങ്ങുമ്പോൾ പറഞ്ഞ വാക്കുകളൊക്കെ മറക്കും. ദുരന്ത ഇരകൾ തെരുവിൽ അലയേണ്ടിവരും. കവളപ്പാറ ഉരുൾദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കർഷകരുടെ അവസ്ഥ ഇതിന്റെ കൃത്യമായ തെളിവാണ്. ദുരന്തത്തിൽ 35 ഏക്കർ കൃഷിഭൂമി നശിച്ചതോടെ നൂറോളം കർഷകരാണ് വഴിയാധാരമായത്. ഇതിൽ ഭൂമിയും കൃഷിയും നഷ്ടപ്പെട്ട പത്തോളം കർഷകർ കാനറ ബാങ്ക്, ഗ്രാമീൺ ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്നതിന്റെ പേരിൽ ദുരന്തം നടന്ന് അഞ്ച് വർഷം പിന്നിടുമ്പോഴും ജപ്തി ഭീഷണിയിലാണ് ജീവിക്കുന്നത്. ആദ്യം വീട് നഷ്ടപ്പെട്ടവരുടെ കാര്യം പരിഹരിക്കട്ടെ എന്നായിരുന്നു തുടക്കത്തിൽ സർക്കാർ പറഞ്ഞത്. അവരുടെ പുനരധിവാസം നടപ്പാക്കാൻ പോലും നിയമപോരാട്ടം വേണ്ടിവന്നു.
കവളപ്പാറ ദുരന്തത്തിൽ ജപ്തി ഭീഷണി നേരിടുന്ന മാങ്കുന്നൻ കുഞ്ഞിമോനും മജീദും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടാൻ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കലക്ടർ എന്നിവരെ നേരിൽ കണ്ടും അദാലത്തുകളിലുമെല്ലാം പലതരം നിവേദനങ്ങൾ നൽകി. ഒന്നിനുപോലും മറുപടി ല ഭിച്ചില്ലെന്ന് കുഞ്ഞിമോനും മജീദും പറയുന്നു. 400 റബർ മരങ്ങളും ഒരേക്കർ കശുമാവുമുൾപ്പെടെ മൂന്നര ഏക്കർ കൃഷിഭൂമി നഷ്ടപ്പെട്ട കുഞ്ഞുമോൻ കനറ ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപയാണ് ലോണെടുത്തിരുന്നത്.
