വാഷിങ്ടൻ : ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് . രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമാതക്കളായ ടെസ്‌ലയ്ക്ക് ലോകമെമ്പാടും വലിയ ഇടിവു സംഭവിച്ചിരുന്നു. ഇതോടെയാണ് തീരുവ വർധനയ്‌ക്കെതിരെ ഡോജ് നേതാവായ മസ്ക് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മസ്കിന്റെ ആസ്തിയിൽ 120 ബില്യൻ ഡോളറിന്റെ ഗണ്യമായ ഇടിവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകൾ ഇലക്ട്രിക് വാഹന മേഖലയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടെസ്‌ല മുന്നറിയിപ്പ് നൽകുന്നുണ്ട്.
ന്യായമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തീരുവ വർധന പോലുള്ള തീരുമാനങ്ങൾ യുഎസ് കമ്പനികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു യുഎസ് ഭരണകൂടത്തിന് ടെസ്‌ല അയച്ച കത്തിൽ പറയുന്നുണ്ട്. ലോകമെമ്പാടുമുള്ള വാഹന നിർമാതാക്കളെ ബാധിക്കുന്ന താരിഫുകൾ ട്രംപ് ഭരണകൂടം നേരത്തെ ഏർപ്പെടുത്തിയിരുന്നു. യുഎസ് വ്യാപാര നടപടികളോട് മറ്റു രാജ്യങ്ങൾ പ്രതികൂല നിലപാട് സ്വീകരിക്കുന്നത് യുഎസിൽ നിന്നുള്ള കയറ്റുമതിക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്നും വലിയ പ്രത്യാഘാതങ്ങൾക്ക് ഇവർ വിധേയരാകുന്നുവെന്നും കത്തിൽ ടെസ്‌ല ചൂണ്ടിക്കാട്ടുന്നു.
ടെസ്‌ലയ്ക്ക് വലിയ തോതിൽ വിൽപ്പന നടന്നിരുന്ന ജർമനിയിൽ മാത്രം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 70% ത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. പോർച്ചുഗലിൽ ടെസ്‌ലയുടെ വിൽപ്പനയിൽ 50% ഇടിവും ഫ്രാൻസിൽ 45% ഇടിവുമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.സ്വീഡനിൽ 42% ഉം നോർവേയിൽ 48% ഉം വിൽപ്പന കുറഞ്ഞിട്ടുണ്ട്.
