ന്യൂഡൽഹി : യുഎസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രസിഡന്റ് പദവിയിൽ എത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ചർച്ചയിൽ തുറന്നുപറഞ്ഞതായാണ് സൂചന. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബർ 7 നാണ് അവസാനമായി ഇരുവരും ഫോണിലൂടെ സംസാരിച്ചത്. ജനുവരി 20ന് നടന്ന ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പങ്കെടുത്തിരുന്നു.
