കഠ്‌വ : ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ 7 ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.
ആദ്യഘട്ടത്തിൽ 61.38 ശതമാനവും, രണ്ടാംഘട്ടത്തിൽ 57.31 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. ഭരണഘടനയിലെ 370–ാം വകുപ്പ് 2019ൽ പിൻവലിച്ചശേഷമുള്ള ജമ്മുകശ്മീരിലെ ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ഇത്തവണ പ്രചാരണം നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരും പ്രചാരണത്തിനെത്തി. കോൺഗ്രസിനായി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രചാരണത്തിനെത്തി.