കയ്റോ : ഗാസയുടെ ഭാവി സംബന്ധിച്ച് പദ്ധതി തയാറാക്കാനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ നീക്കം തുടങ്ങി. ആശയങ്ങൾ ഈ ആഴ്ച റിയാദിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങൾ പങ്കാളികളാകും. 27നു കയ്റോയിൽ അറബ് ഉച്ചകോടിയിൽ അവതരിപ്പിക്കും.ഗാസ പുനർനിർമാണത്തിനുള്ള ഫണ്ട് സമാഹരണമാണു മുഖ്യം. ഹമാസിനെ ഒഴിവാക്കിയും രാജ്യാന്തര പങ്കാളിത്തം ഉറപ്പാക്കിയും 4 പദ്ധതി രൂപരേഖകൾ തയാറായിട്ടുണ്ടെന്നു റിപ്പോർട്ടുണ്ട്. പലസ്തീൻകാരെ ഒഴിപ്പിച്ചു ഗാസ സ്വന്തമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനു തടയിടുകയാണു ലക്ഷ്യം.
അതിനിടെ, ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടർക്കു യുഎസ് ഉപരോധം ഉപരോധം ഏർപ്പെടുത്തി. ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് നൽകിയ ഐസിസിക്കെതിരെ ഉപരോധം വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ച ഭീഷണി മുഴക്കിയിരുന്നു. പ്രോസിക്യൂട്ടർ കരീം ഖാന് യുഎസിൽ പ്രവേശനവിലക്കും ബിസിനസ് വിലക്കും ഏർപ്പെടുത്തി. അതേസമയം, ഗാസ വെടിനിർത്തൽ കരാർപ്രകാരം ഹമാസ് 3 ബന്ദികളെക്കൂടി ഇന്നു മോചിപ്പിക്കും.
