കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശത്തിന്റെ ക്രൂരമായ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സ നിവാസികൾക്ക് ആശ്വാസവുമായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ). നോമ്പുകാലത്ത് ഗസ്സയിൽ ഭക്ഷണ വിതരണത്തിനായി കെ.എസ്.ആർ ഇഫ്താർ പദ്ധതി ആരംഭിച്ചു. ഇസ്രായേൽ അധിനിവേശ ആക്രമണത്തിൽ ഗുരുതരമായി ബാധിച്ചവർക്കാണ് കാമ്പയിൻ വഴി ഭക്ഷണം എത്തിക്കുന്നതെന്ന് ഗസ്സയിലെ അൽ ദറാജ് സകാത് കമ്മിറ്റി തലവൻ അബ്ദുൽ ഖാദർ അബു അൽ നൂർ പറഞ്ഞു.
ഫലസ്തീൻ ജനതക്ക് കെ.എസ്.ആർ നൽകുന്ന നിരന്തരമായ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഗസ്സയിലെ ജനങ്ങൾക്കുള്ള തുടർച്ചയായ സഹായത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റമദാൻ ആരംഭം മുതൽ ഗസ്സയിലെ ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കുന്നതിനായി വിവിധ കുവൈത്ത് ചാരിറ്റികൾ സഹായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
