ദോഹ : നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ സെക്യൂരിറ്റിയിൽ നിന്നും വിളിക്കുന്നു എന്ന് പറഞ്ഞു പലരുടെയും വ്യക്തിഗത അല്ലെങ്കിൽ ബാങ്കിങ് വിവരങ്ങൾ ചോദിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
എൻസിഎസ്എ ഒരിക്കലും ഖത്തറിലെ പൗരന്മാരിൽ നിന്നോ താമസക്കാരിൽ നിന്നോ ബാങ്കിങ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏജൻസിയുടെ പേരിൽ ഇത്തരം ചില ഫോൺ കോളുകൾ പലർക്കും വരുന്നുണ്ട്. ഇതുമായി പ്രതികരിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
ഇത്തരം കോളുകളുമായി പ്രതികരിക്കുന്നത് സൈബർ തട്ടിപ്പിലെ അപകടസാധ്യത വർധിപ്പിക്കുമെന്നും അത് ദോഷം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. തട്ടിപ്പിലേക്കോ ഡാറ്റ മോഷണത്തിലേക്കോ സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കോ ലക്ഷ്യം വച്ച് നമ്മുടെ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ഹാക്ക് ചെയ്യുന്നത് തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
∙ഒരു നിയമാനുസൃത കമ്പനിയും അതിന്‍റെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് നിർദ്ദിഷ്‌ട സോഫ്‌റ്റ്‌വെയറോ അപ്ലിക്കേഷനുകളോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടില്ല.
∙ഒരിക്കലും ആരുമായും ഓൺലൈൻ ബാങ്കിങ് വിശദാംശങ്ങളോ പാസ്‌വേഡുകളോ പങ്കിടരുത്.
∙ഇന്‍റർനെറ്റിലേക്ക് കണക്റ്റുചെയ്യുന്നതിന് പൊതു വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
∙അജ്ഞാതമായതോ വിശ്വസനീയമല്ലാത്തതോ ആയ ഉറവിടങ്ങളിൽ നിന്നുള്ള USB-കൾ ഉപയോഗിക്കരുത്.
ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൈബർ സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നൽകി.