ദോഹ : ഉംസലാൽ വിന്‍റർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ജനുവരി 9ന് ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിൽ തേൻ ഉത്സവം ആരംഭിക്കും. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷികകാര്യ വകുപ്പാണ് പത്ത് ദിവസത്തെ ഉത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 18ന് സമാപിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും സന്ദർശകർക്ക് പ്രവേശനം ഉണ്ടാകും. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകിയാണ് പ്രദർശനം. വൈവിധ്യമാർന്ന പ്രാദേശിക തേനുകൾ ഉത്സവത്തിൽ ലഭ്യമാകും.2024 നവംബർ 21 മുതൽ 2025 ഫെബ്രുവരി 19 വരെ നീണ്ടുനിൽക്കുന്ന ഉംസലാൽ വിന്‍റർ ഫെസ്റ്റിവലിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 2024 ഡിസംബർ 19 മുതൽ 26 വരെ പുഷ്പമേള സംഘടിപ്പിച്ചിരുന്നു. ദേശീയ ഐഡന്‍റിറ്റി ഉയർത്തിക്കാട്ടുകയും പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഉംസലാൽ വിന്‍റർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
