ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഖത്തര്‍ മെഡികെയര്‍ 2024 സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നതെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പുരോഗതി, ലോക ഫാര്‍മസി രംഗത്ത് ഇന്ത്യയുടെ നേതൃത്വം, ഹെല്‍ത്ത് കെയര്‍ നവീകരണം, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍ മികവ് തുടങ്ങിയവയിൽ ഊന്നി നിന്നുകൊണ്ടാണ് ഇന്ത്യൻ എംബസി ഖത്തർ മെഡികെയറിൽ പങ്കെടുക്കുന്നത്. 2023-24 ല്‍ ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 27.83 ബില്യൻ ഡോളറായിരുന്നു. 2030ഓടെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി 130 ബില്യൻ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് ഇന്ത്യന്‍ കമ്പനികളെ ഉള്‍പ്പെടുത്തി പ്രത്യേക ഇന്ത്യന്‍ പവലിയന്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹീറ്റ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹിരാള്‍ ലാബ്സ് ലിമിറ്റഡ്, അവ്‌നി ഇന്‍ഫെര്‍ട്ടിലിറ്റി, സ്റ്റീവിയ ഹബ്, ചെന്നൈ ഫെര്‍ട്ടിലിറ്റി സെന്റര്‍ എന്നിവയാണ് പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ കമ്പനികള്‍. ഇന്ത്യൻ പവലിയൻ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ നടത്തുമെന്ന് സന്ദീപ് കുമാർ പറഞ്ഞു. ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് കെ പി തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.