നിരവധി പേര്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നതായും വന്‍ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സിറ്റി : ക്രിപ്‌റ്റോ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നതായും പലര്‍ക്കും വന്‍തോതില്‍ പണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍.
ക്രിപ്‌റ്റോകറന്‍സി തകര്‍ച്ച മൂലം നിരവധി പൗരന്‍മാര്‍ക്ക് പണം നഷ്ടപ്പെട്ടതായി അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്രിപ്‌റ്റോകറന്‍സിയായ ലൂണയില്‍ പണം നിക്ഷേപിച്ച അബു അഹമദ് എന്നയാള്‍ക്ക് 2.5 മില്യണ്‍ ദീനാര്‍ നഷ്ടമായതായി അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാങ്ക് വായ്പ എടുത്ത് ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
ഇത്തരത്തില്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിക്കുന്നതിനെതിരെ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പണം ഉണ്ടാക്കാനുള്ള എളുപ്പവഴിയായി പലരും ഇതിനെ കാണുന്നുണ്ട്. വിര്‍ച്വല്‍ അസറ്റില്‍ പണം നിക്ഷേപിച്ച് വലിയ ലാഭം ഉണ്ടാക്കിയ കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച് നിക്ഷേപകരെ ആകര്‍ഷിക്കുന്ന മാര്‍ക്കറ്റ് തന്ത്രത്തില്‍ വീണു പോയവരാണ് ഇവരില്‍ ഏറിയവിഭാഗവും.
പെട്ടെന്നുള്ള കയറ്റം പോലെ മൂല്യ തകര്‍ച്ചയും പൊടുന്നനെയായിരിക്കുമെന്നും ഇത്തരം അസ്ഥിരമായ വിര്‍ച്വല്‍ അസറ്റുകളില്‍ പണം നിക്ഷേപിക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ മുഹമദ് അല്‍ ഹാഷില്‍ പറഞ്ഞു.
ഊഹക്കച്ചവടത്തില്‍ പണം നിക്ഷേപിച്ച് വന്‍ തുക നഷ്ടപ്പെടുത്തുന്നതിനെതിരെ ഇനിയും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.