കൊച്ചി: കോവിഡ് രോഗിയെ ആംബുലൻസ് െ്രെഡവർ പീഡിപ്പിച്ച സംഭവത്തിൽ കേരളം നാണിച്ച് തലതാഴ്ത്തുന്നുവെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. കോവിഡിനെതിരെ പട നയിക്കുന്നെന്ന് മേനി നടിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചത് ലജ്ജാകരമാണ്.
കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായയാൾ എങ്ങനെ ആംബുലൻസ് െ്രെഡവറായെും നിയോഗിച്ചത് ആരെന്നും അന്വേഷിക്കണം. ആംബുലൻസിൽ പോലും പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറി. കോവിഡ് രോഗിയായ പെൺകുട്ടിയെ അർധരാത്രി ഒറ്റയ്ക്ക് ആംബുലൻസിൽ അയച്ചത് സർക്കാർ വീഴ്ചയാണ്. സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് മനുഷ്യത്വഹീനമായ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധിക്കാൻ ചാടിയിറങ്ങുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു നിമിഷം വൈകാതെ രാജി വെയ്ക്കണം. കേരളം ക്രിമിനലുകളുടെയും ഗുണ്ടകളുടെയും വിഹാര കേന്ദ്രമായി മാറിയെന്നും കൺവീനർ ആരോപിച്ചു.










