മനാമ: കോഴിക്കോട്, കൊച്ചി ഗൾഫ് എയർ സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ല പ്രവാസി ഫോറം കെ.പി.എഫ് നിവേദനം നൽകി.ഗൾഫ് എയർ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), മറ്റ് അധികാരികൾ എന്നിവർക്ക് നിവേദനം നൽകി.
കേരളത്തിലെ കുടുംബങ്ങളുമായും സമൂഹങ്ങളുമായും അടുത്ത ബന്ധം നിലനിർത്താൻ ആയിരക്കണക്കിന് പ്രവാസികൾ ഈ വിമാനങ്ങളെ ആശ്രയിക്കുന്നതിനാൽ, അവരുടെ സൗകര്യത്തിനും ക്ഷേമത്തിനും തുടർ സർവിസ് അനിവാര്യമാണ്. ‘ഗൾഫ് മാധ്യമം’ ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതോടെ ഇന്ത്യൻ പ്രവാസികൾ ആശങ്കയിലാണ്.
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ല പ്രവാസി ഫോറം ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, പ്രസിഡന്റ് സുധീർ തിരുനിലത്ത്, ട്രഷറർ സുജിത് സോമൻ എന്നിവർ ഈ അടിയന്തരവും അത്യാവശ്യവുമായ അഭ്യർഥനക്ക് അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
